ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈന്യത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുകൂലികളായ 108 പേര്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2023 മേയില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയതു. തുടര്‍ന്നാണ് രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പാകിസ്ഥാന്‍ തെഹ്‌രിക്-ഇ-ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവായ ഒമര്‍ ആയൂബ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് കോടതിയില്‍ വ്യാഴാഴ്ച പരിഗണിച്ച മൂന്ന് വ്യത്യസ്ത കേസിലാണ് വിധി പ്രഖ്യാപിച്ചത്. സൈനികരെ ആക്രമിച്ചു, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവ തകര്‍ത്തു, തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
അഴിമതിയാരാപണത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍ കോടതിയുടെ ഉത്തരവ് പ്രകാരം മോചിപ്പിച്ചതിന് ശേഷം മാത്രമാണ് കലാപം ശമിച്ചത്. എങ്കിലും 2023 ആഗസ്തില്‍ കോടതി അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ച് ജയിലിലടച്ചിരുന്നു.
2024 ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ പിടിഐയുടെ അംഗങ്ങള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് വിലക്കി.











