തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളി ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാലകളില്‍ നടത്തിയ താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്തയച്ചു. ഡോ. സിസ തോമസിനും ഡോ. കെ. ശിവപ്രസാദിനും വീണ്ടും നിയമനം നല്‍കിക്കൊണ്ട് രാജ്ഭവന്‍ വിജ്ഞാപനമിറക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വിസി നിയമന വിഷയത്തില്‍ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്‌ക്ക് അനുമതി തേടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കെ. ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ സിസാ തോമസിനെയും വീണ്ടും താല്‍ക്കാലിക വിസിമാരായി ഗവര്‍ണര്‍ നിയമിച്ചു.
ഇതോടെയാണ് മുഖ്യമന്ത്രി രണ്ടാമതും കത്തയച്ചത്.ഇപ്പോള്‍ നടത്തിയ നിയമനം നിയമപരമല്ലെന്നും സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നും കത്തില്‍ പറയുന്നു.
















