ബെംഗളൂരു: ലോകത്ത് മുൻപെങ്ങും കണ്ടെത്തിയിട്ടില്ലാത്ത പുതിയ രക്തഗ്രൂപ്പ് കോലാർ സ്വദേശിനിയിൽ കണ്ടെത്തി. ശ്രീനിവാസപുർ സ്വദേശിയായ 38 വയസ്സുകാരിക്കാണ് ക്രിബ്(CRIB) എന്നു പേരു നൽകിയ ആന്റിജൻ രക്തഗ്രൂപ്പ് കണ്ടെത്തിയത്. ഇതിൽ CR ക്രോമറിനെയും I ഇന്ത്യയെയും B ബെംഗളൂരുവിനെയും പ്രതിനിധീകരിക്കുന്നു.
ഹൃദയശസ്ത്രക്രിയയ്‌ക്കാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒ ആർഎച്ച്+ രക്തഗ്രൂപ്പായിരുന്നു ഇവരുടേതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ലഭ്യമായ ഒ പോസിറ്റീവ് രക്തമൊന്നും ഇവരുടേതുമായി പൊരുത്തപ്പെട്ടില്ല. ഇതോടെ രക്തസാമ്പിളുകൾ ബെംഗളൂരുവിലെ ടിടികെ ബ്ലഡ് സെന്ററിലെ അഡ്വാൻസ്ഡ് ഇമ്യൂണോഹെമറ്റോളജി റഫറൻസ് ലബോറട്ടറിയിലേക്ക് കൈമാറി. ഇവിടെ അത്യാധുനിക സീറോളജിക്കൽ പരിശോധന നടത്തി.
തുടർന്ന് വിശദ പഠനത്തിനായി സാമ്പിളുകൾ ഇംഗ്ലണ്ടിലെ ഇന്റർനാഷനൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറിക്കു അയച്ചു. യുവതിയുടെ ഇരുപതോളം ബന്ധുക്കളുടെ സാമ്പിളുകളും പരിശോധനയ്‌ക്കു ഉപയോഗിച്ചു. 10 മാസത്തോളം നീണ്ടു നിന്ന പരിശോധനയ്‌ക്കൊടുവിലാണ് അപൂർവ രക്തഗ്രൂപ്പാണ് യുവതിയുടേതെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ജൂണിൽ ഇറ്റലിയിലെ മിലാനിൽ നടന്ന ഇന്റർനാഷനൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാസ്ഫ്യൂഷന്റെ (ഐഎസ്ബിടി) 35-ാമത് കോൺഗ്രസിൽ ഇതുസംബന്ധിച്ച പ്രഖ്യാപനവും നടത്തി. അപൂർവ രക്തഗ്രൂപ്പുകളെക്കുറിച്ചുള്ള പഠനത്തിൽ നാഴികക്കല്ലാണ് കണ്ടെത്തലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: