ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്പദാ യോജനയ്‌ക്ക് 1920 കോടി രൂപയുടെ അധിക വിഹിതം ഉള്‍പ്പെടെ 6520 കോടി നീക്കിവയ്‌ക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലെ മന്ത്രിസഭാ യോഗം തീരുമാനം അംഗീകരിച്ചു. 15-ാം ധനകാര്യ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന 2021-22 മുതല്‍ 2025-26 വരെ കാലയളവിലേക്കാണിത്.
ഇന്റഗ്രേറ്റഡ് കോള്‍ഡ് ചെയിന്‍ ആന്‍ഡ് വാല്യൂ അഡിഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (ഐസിസിവിഎഐ) എന്ന ഘടക പദ്ധതി പ്രകാരം 50 മള്‍ട്ടി പ്രൊഡക്ട് ഫുഡ് ഇറേഡിയേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 1000 കോടി രൂപ നീക്കിവയ്‌ക്കും. ഭക്ഷ്യസുരക്ഷയും ഗുണനിലവാര ഉറപ്പ് അടിസ്ഥാന സൗകര്യവും എന്ന ഘടക പദ്ധതി പ്രകാരം എന്‍എബിഎല്‍ അംഗീകാരമുള്ള 100 ഭക്ഷ്യപരിശോധനാ ലാബുകളും മറ്റു വിവിധ ഘടക പദ്ധതികള്‍ പ്രകാരം പദ്ധതികള്‍ അനുവദിക്കുന്നതിന് 920 കോടി രൂപയും നീക്കിവയ്‌ക്കും.
നിര്‍ദിഷ്ട 50 മള്‍ട്ടി പ്രൊഡക്റ്റ് ഫുഡ് ഇറേഡിയേഷന്‍ യൂണിറ്റുകള്‍ നടപ്പാക്കുന്നതിലൂടെ പ്രതിവര്‍ഷം 20 മുതല്‍ 30 ലക്ഷം മെട്രിക് ടണ്‍ വരെ മൊത്തം സംരക്ഷണ ശേഷിയുണ്ടാകും. നൂറു ലാബുകള്‍ സ്ഥാപിക്കുന്നതിലൂടെ ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും സുരക്ഷിത ഭക്ഷണങ്ങളുടെ വിതരണവും ഉറപ്പാക്കും.












