ന്യൂദൽഹി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മരിച്ച സമ്പദ്‌വ്യവസ്ഥയെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വിവാദമാകുകയാണ് . ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ചതിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെയും ശശി തരൂരിന്റെയും പ്രസ്താവനകളെ തമിഴ്‌നാട് ബിജെപി മുൻ പ്രസിഡന്റ് കെ അണ്ണാമലൈ താരതമ്യം ചെയ്തു. ‘ഒന്ന് ഇന്ത്യയ്‌ക്കുവേണ്ടിയും മറ്റൊന്ന് വിദേശ യജമാനന്മാർക്കുവേണ്ടിയും സംസാരിക്കുന്നു’ എന്നാണ് അണ്ണാമലൈ പറഞ്ഞത് .
“ഒരാൾ ഇന്ത്യയുടെ താൽപ്പര്യത്തെക്കുറിച്ചും മറ്റൊരാൾ തന്റെ വിദേശ യജമാനന്മാരെ പ്രീതിപ്പെടുത്തുന്ന സ്വരത്തിലുമാണ് സംസാരിച്ചത്. ലോകം മുഴുവൻ ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുമ്പോൾ, പ്രതിപക്ഷ നേതാക്കൾ നേരെ മറിച്ചാണ് ചിന്തിക്കുന്നത്” എന്ന് കെ അണ്ണാമലൈ എക്‌സിൽ പോസ്റ്റ് ചെയ്തു. “രാഹുൽ ഗാന്ധി ഇന്ത്യയുടെ പുരോഗതിക്ക് മുന്നിൽ അന്ധനായി. ഇന്ത്യയെ ദുർബലപ്പെടുത്തുന്ന വിദേശ ശബ്ദങ്ങൾ ആവർത്തിക്കാൻ അദ്ദേഹം എപ്പോഴും തയ്യാറാണ്” എന്ന് അണ്ണാമലൈ പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു നിർജ്ജീവ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് എല്ലാവർക്കും അറിയാമെന്നാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പറഞ്ഞത്. പ്രസിഡന്റ് ട്രംപ് എല്ലാവരുടെയും മുന്നിൽ വസ്തുതകൾ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു.
















