എറണാകുളം : തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരൻ ഷഫീറിന് ജാമ്യം നൽകാതെ ഹൈക്കോടതി . ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഷഫീറിന്റെ അപ്പീൽ കോടതി തള്ളി.
പ്രതിയ്‌ക്കെതിരായ കുറ്റത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലമടക്കം കണക്കിലെടുക്കുമ്പോൾ ജാമ്യം നൽകാനാകില്ല . ഷഫീറിനെതിരായ ആരോപണം പ്രഥമ ദൃഷ്ട്യാ ശരിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി മുസ്‌ലിം തീവ്രവാദിയായ സവാദിന് സഹായം ചെയ്തയാളാണ് ഷഫീർ. സവാദിനെ ഷഫീർ അറിഞ്ഞുകൊണ്ട് ഒളിപ്പിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് നൽകിയതായി എൻഐഎ കണ്ടെത്തിയിരുന്നു. മാത്രമല്ല ഗുരുതര സ്വഭാവമുള്ള മറ്റ് നാല് കേസുകളിലും പ്രതിയാണ് ഷഫീർ.
2010 ജൂലൈ നാലിനാണ് മൂവാറ്റുപുഴ നിർമ്മല കോളേജിന് സമീപം വെച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ഭീകരർ വെട്ടിമാറ്റിയത്. പ്രൊഫസർ തയ്യാറാക്കിയ ചോദ്യ പേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
















