െഎശ്യര്യവും സമ്പൽ സമൃദ്ധിയും സർവ്വദേഷ നിവാരണത്തിനുമായി ആയിരക്കണക്കിനു ഭക്തജനങ്ങളാണ് നാഗരാജാവിന്റ അനുഗ്രഹം തേടിയെത്തുന്നത്. ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിൽ കറ്റാനത്തിനടുത്താണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം. കേരളത്തിലെ പുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗപ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചത് എന്നാണ് െഎതീഹ്യം.
നാഗരാജാവായ അനന്തനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മലയാള നാട്ടിലെ ആദ്യ നാഗക്ഷേത്രംവും നാഗപ്രതിഷ്ഠയും കൂടിയാണ് വെട്ടിക്കോട് ഉള്ളത് . ഇവിടുത്തെ പ്രതിഷ്ഠ കേരളത്തിലെ തന്നെ അനന്തന്റെ തനനതു രൂപത്തിലുള്ള ആദ്യ പ്രതിഷ്ഠയാണെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം ത്രിമൂർത്തികളുടെ ചൈതന്യത്തോടെയാണ് ഇത് പ്രതിഷ്ഠ നടത്തിയിരിക്കുന്നതും. ക്ഷേത്രവും കാവും തേവാരപ്പുരയും നിലവറയും ചേർന്നതാണ് ഇവിടം.കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച എട്ടു പുത്രന്മാരായ നാഗരാജാക്കന്മാരിൽ ജ്യേഷ്ഠനും സർവഗുണസമ്പന്നനുമാണ് അനന്തൻ. നാഗങ്ങളുടെ രാജാവാണ് അനന്തൻ. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങളിലൊന്നാണ് വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശിൽപ്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്‌ക്ക് എടുക്കുന്നത്.
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍. ഇടവമാസത്തിലെ ആയില്യം മുതല്‍ കന്നിമാസത്തിലെ ആയില്യംവരെ സര്‍പ്പങ്ങള്‍ക്ക് പുറ്റടവ് കാലമായതിനാല്‍ ഈ കാലയളവില്‍ സര്‍പ്പബലി നടത്താറില്ല. നൂറും പാലും ആയില്യദിവസങ്ങളില്‍ മാത്രമെയുള്ളൂ. മറ്റ് ക്ഷേത്രങ്ങളിലെപ്പോലെ ദീപാരാധന, അത്താഴപ്പൂജ എന്നിവ എപ്പോഴുമില്ല.ആയില്യം എഴുന്നള്ളത്ത് ദര്‍ശിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.












