ന്യൂദല്‍ഹി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാണത്തിനായി ഏഴു കോടി രൂപ വാങ്ങിയെങ്കിലും ലാഭവിഹിതം നല്‍കിയില്ലെന്ന കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ നടപടിയില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അരൂര്‍ സ്വദേശി സിറാജ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയുടെ ലാഭവിഹിതത്തിന്റെ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ കൈയില്‍ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും പണമൊന്നും നല്‍കിയില്ലെന്നുമുള്ള സിറാജിന്‌റെ പരാതിയിലാണ് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
















