എവിടെയും ഏതു ലക്ഷ്യവും ഭേദിക്കുന്ന അപകടകാരിയായ മിസൈൽ പരീക്ഷിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഡിആർഡിഒ ചരിത്രം .ആന്ധ്രാപ്രദേശിലെ കുർണൂലിലെ നാഷണൽ ഓപ്പൺ ഏരിയ റേഞ്ചിൽ നടന്ന യുഎവി ലോഞ്ചഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (ULPGM)-V3 ന്റെ പരീക്ഷണം രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ കുതിപ്പാണ് നൽകിയിരിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും നൂതനമായ മിസൈൽ സംവിധാനങ്ങളിൽ ഒന്നാണ് ULPGM-V3 . ഡ്രോണുകളിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കുന്ന സാങ്കേതികവിദ്യ ലോകത്ത് ഏതാനും ചില രാജ്യങ്ങൾ മാത്രമാണ് വികസിപ്പിച്ചിട്ടുള്ളത്. ഡ്രോണുകളിൽ നിന്ന് തൊടുത്തുവിടാൻ കഴിയുന്ന, ലക്ഷ്യത്തിൽ കൃത്യമായി പതിക്കുന്ന ഗൈഡഡ് മിസൈലാണിത്.
അതിസൂക്ഷ്മമായ ലക്ഷ്യങ്ങളിൽ പോലും കൃത്യമായി പതിക്കാൻ ഈ മിസൈലിന് കഴിയും. ശത്രുപാളയങ്ങളിലെ തന്ത്രപ്രധാനമായ കെട്ടിടങ്ങളോ, വാഹനങ്ങളോ, വ്യക്തികളോ പോലുള്ള ചെറിയ ലക്ഷ്യങ്ങളെ പോലും തകർക്കാൻ ഇത് പ്രാപ്തമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഡിആർഡിഒയുടെ ഈ നേട്ടം ‘ആത്മനിർഭർ ഭാരത്’ (ആത്മനിർഭരമായ ഇന്ത്യ) എന്ന പ്രതിരോധ ലക്ഷ്യത്തിന് വലിയ ഊർജ്ജം പകരുന്നതാണ്. തപസ് BH-201 പോലുള്ള അത്യാധുനിക ഡ്രോണുകൾ വികസിപ്പിക്കുന്നതിനൊപ്പം, ആകാശ്, നാഗ്, ബ്രഹ്മോസ് തുടങ്ങിയ മിസൈൽ സംവിധാനങ്ങളും ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നുണ്ട്.
















