അഹമ്മദാബാദ് : പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 185 ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകി . ഗുജറാത്തിലെ രാജ്കോട്ടിൽ നടന്ന പരിപാടിയിൽ വച്ച് കച്ച്, മോർബി, രാജ്കോട്ട് എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കിയവർക്കാണ് കേന്ദ്ര സഹമന്ത്രി ഹർഷ് സാങ്‌വി പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറിയത്. അവർക്ക് പൂർണ്ണ സർക്കാർ പിന്തുണയും ക്ഷേമ പദ്ധതികളും ലഭ്യമാകുമെന്ന് ഉറപ്പുനൽകി.
പൗരത്വം നൽകിയ സാങ്‌വി “പുഞ്ചിരിക്കൂ … ഇനി മുതൽ നിങ്ങൾ ഇന്ത്യയുടെ പൗരന്മാരാണ്” എന്ന് പറഞ്ഞതിനു പിന്നാലെ ഇവർ ഒന്നടങ്കം “ഭാരത് മാതാ കീ ജയ്” മുദ്രാവാക്യങ്ങൾ മുഴക്കി. പാകിസ്ഥാനിലെ ഇസ്ലാമിസ്റ്റുകളുടെ പീഡനത്തിൽ നിന്ന് രക്ഷപെട്ട് ഇന്ത്യയിൽ അഭയം തേടിയവരാണിവർ . അഭിമാനമുള്ള ഇന്ത്യക്കാരാണ് തങ്ങളെന്നും അവർ പറഞ്ഞു.
‘ ഹിന്ദുക്കൾ, സിഖുകാർ, ജൈനന്മാർ, ബുദ്ധമതക്കാർ എന്നിങ്ങനെയുള്ളവരുടെ കഥകൾ കേൾക്കുമ്പോൾ നമുക്ക് കണ്ണീരടക്കാൻ കഴിയില്ല. ചിലർക്ക് ഭർത്താക്കന്മാരെ നഷ്ടപ്പെട്ടു, മറ്റുള്ളവർക്ക് വീടുകൾ നഷ്ടപ്പെട്ടു. എന്നിട്ടും അവർ സഹിച്ചു. ഞാൻ അവരുടെ ശക്തിയെ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നാടാണ്. ലോകം യഥാർത്ഥത്തിൽ മനുഷ്യാവകാശങ്ങൾ പ്രവർത്തനത്തിൽ കാണണമെങ്കിൽ, അവർ ഇന്ത്യയെ, പ്രത്യേകിച്ച് ഗുജറാത്തിനെ നോക്കണം. ” സാങ്‌വി പറഞ്ഞു.
















