ന്യൂദല്‍ഹി: അങ്കമാലി ശബരിമല റെയില്‍വേ പാതയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂല സമീപനം പ്രയോജനപ്പെടുത്താന്‍ സംസ്ഥാനം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. കഴിഞ്ഞ ദിവസം അങ്കമാലി ശബരി പാത വൈകരുതെന്ന് ആവശ്യപ്പെട്ട് എംപിമാരായ ബെന്നി ബഹനാന്‍, ആന്റോ ആന്റണി, വി കെ ശ്രീകണ്ഠന്‍, എം കെ രാഘവന്‍, ഡീന്‍ കുര്യാക്കോസ് എന്നീ കോണ്‍ഗ്രസ് എംപിമാര്‍കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം പദ്ധതി മരവിപ്പിക്കേണ്ടിവന്ന നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി മന്ത്രി എംപിമാരെ അറിയിച്ചു.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പാത നിര്‍മ്മിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കാമെന്ന നിലപാട് മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം നിര്‍മ്മാണത്തിന് വേണ്ട ചെലവില്‍ പകുതി വഹിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് പദ്ധതി വൈകിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.ഇതിനായി ത്രികക്ഷി കരാറില്‍ ഒപ്പിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല.കിഫ്ബി വഴി മുടക്കുന്ന തുക സംസ്ഥാനത്തിലെ വായ്‌പ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.സര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്വമില്ലാത്ത ഈ വായ്‌പാ ഇടപാടില്‍ ആശങ്ക ഉള്ളതുകൊണ്ടാണ് ഇത് അംഗീകരിക്കാന്‍ ആവാത്തത്.ഇത് റെയില്‍വേ മന്ത്രാലയത്തിന് മാത്രമായി തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല. ധനമന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്
















