കൊല്ലം: പശുക്കുട്ടിയുടെ ജനനം ഉറപ്പാക്കുംവിധം ലിംഗനിര്‍ണയം നടത്തി ബീജംകുത്തിവയ്‌ക്കുന്ന രീതി ലക്ഷ്യം കണ്ടു. വിജയസൂചകമായ ആദ്യകിടാവ് പിറന്നത് കൊല്ലംജില്ലയില്‍. മൈനാഗപ്പള്ളി പെരുമന വടക്കതില്‍ അരുണ്‍ കുമാറിന്റെ വീട്ടിലാണ് പശുക്കുട്ടിയുടെ പിറവി.
പശുക്കളുടെ ഉദ്പാദനവര്‍ധനയിലൂടെ പാലിന്റെ ഉത്പാദനം പരമാവധികൂട്ടാനാകും, അത്യുല്പാദനക്ഷമതയുള്ള കുത്തിവയ്‌പ് ജില്ലയിലെ 25 മൃഗാശുപത്രികളില്‍ ലഭ്യമാകും.
കുറഞ്ഞത് 10 ലിറ്റര്‍ എങ്കിലും പാലുള്ള പശുക്കളിലാണ് ആദ്യ പരീക്ഷണം. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് വഴിയാണ് ആവശ്യമുള്ള ബീജമാത്രകള്‍ ശേഖരിക്കുന്നത്.
കര്‍ഷകര്‍ക്ക് 500 രൂപ ഒറ്റത്തവണ അടച്ച് രജിസ്റ്റര്‍ ചെയ്യാം. ആദ്യകുത്തിവെയ്‌പ് പരാജയപ്പെട്ടാല്‍ ഒന്നു കൂടി സൗജന്യം. വീണ്ടും ഗര്‍ഭാധാരണമെത്തിയില്ലെങ്കില്‍ തുക തിരികെ നല്‍കും. 95 ശതമാനം കൃത്യതയാണ് പ്രതീക്ഷിക്കുന്നത്.
71,162 ആണ് ജില്ലയിലെ പശുക്കളുടെ എണ്ണം. അതില്‍ 30,000 പശുക്കള്‍ വര്‍ഷത്തില്‍ പ്രജനനസജ്ജമാകും. പൊതുകണക്കനുസരിച്ച് 6000 പശുക്കിടാങ്ങള്‍ പ്രതിവര്‍ഷം ജനിക്കും. പദ്ധതിവിജയിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലുല്പാദനം ഇരട്ടിയിലധികമാവുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ വ്യക്തമാക്കി.












