കൊച്ചി: ഗതാഗത നിയമലംഘത്തിന് ഈടാക്കുന്ന പെറ്റി തുകയില്‍ തിരിമറി നടത്തി 16,76,650 രൂപ തട്ടിയെടുത്തെന്ന് കണ്ടെത്തിയ പൊലീസുകാരിക്കെതിരെ പണം തട്ടിപ്പിന് കേസെടുത്ത് പൊലീസ്.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ് കേസെടുത്തത്.ഇവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
രസീതിലും രജിസ്റ്ററിലുമുള്‍പ്പെടെ തിരിമറി നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.2018 മുതല്‍ 2022 വരെയുളള കാലയളവില്‍ മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റില്‍ റൈറ്ററായിരുന്ന കാലത്തായിരുന്നു ശാന്തിനി കൃഷ്ണന്‍ പണം തട്ടിയത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ റൈറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് സാമ്പത്തിക രേഖകള്‍ കൃത്രിമമായി ഉപയോഗിച്ചാണ് ശാന്തി തട്ടിപ്പ് നടത്തിയതെന്ന് വിവരം. ക്യാഷ് ബുക്കിലെയും പിഴ രസീതുകളിലെയും എന്‍ട്രികളില്‍ കൃത്രിമം കാട്ടി ശേഖരിച്ച തുകകളില്‍ മാറ്റം വരുത്തിയെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഓഡിറ്റിനിടെയാണ് പൊരുത്തക്കേടുകള്‍ വെളിച്ചത്തായത്. പിന്നീട് കൂടുതല്‍ തട്ടിപ്പ് വെളിപ്പെട്ടു. വകുപ്പുതല അന്വേഷണവും പൊലീസുകാരിക്കെതിരെ ഉണ്ടാകും.
















