തിരുവനന്തപുരം: സംസ്ഥാന യുവമോർച്ചയ്‌ക്കും മഹിളാമോർച്ചയ്‌ക്കും പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി തിരുവനന്തപുരം സ്വദേശി വി. മനുപ്രസാദിനെയും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയായി കോഴിക്കോട് സ്വദേശി നവ്യ ഹരിദാസിനെയും തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ‍്യാപിച്ചത്.
ഒബിസി മോർച്ച, എസ്‌സി മോർച്ച എന്നിവയുടെ അധ‍്യക്ഷരെയും തെരഞ്ഞെടുത്തു. ഒബിസി മോർച്ചയുടെ അധ‍്യക്ഷനായി എം. പ്രേമനെയും എസ്‌സി മോർച്ചയുടെ അധ‍്യക്ഷനായി ഷാജുമോൻ വട്ടേക്കാടിനെയുമാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്. ന‍്യൂനപക്ഷ മോർച്ചയുടെ അധ‍്യക്ഷനായി സുമിത് ജോർജിനെയും കിസാൻ മോർച്ചയുടെ അധ‍്യക്ഷനായി ഷാജി രാഘവനെയും തീരുമാനിച്ചു. മുകുന്ദൻ പള്ളിയറയാണ് എസ്‌ടി മോർച്ചയുടെ പുതിയ അധ‍്യക്ഷന്‍.
രണ്ടു തവണയായി കോഴിക്കോട് കോർപറേഷൻ കൗൺസിൽ അംഗമാണ് നവ്യ. നിലവിൽ കൗൺസിലിലെ പാർട്ടി ലീഡറാണ്. വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.
















