തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അന്തിമമായി പുറത്തിറക്കിയ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനുവില്‍ മുട്ടയെ കുറിച്ച് മിണ്ടാട്ടമില്ല. മധുരം അധികം വേണ്ടെന്നും നിര്‍ദ്ദേശം. നേരത്തെ പുറത്തിറക്കിയ മെനുവില്‍ മുട്ട റൈസ്, മുട്ട അവിയല്‍, മുട്ട റോസ്റ്റ് എന്നീ വിഭവങ്ങള്‍ പറഞ്ഞിരുന്നെങ്കിലും പുതുക്കിയ സര്‍ക്കുലറില്‍ അതേക്കുറിച്ചു പറയുന്നില്ല. ലോവര്‍പ്രൈമറിയില്‍ ഒരു കുട്ടിക്ക് 6.78 രൂപയും അപ്പര്‍പ്രൈമറിയില്‍ 10.17 രൂപയുമാണ് ഉച്ചഭക്ഷണ വിഹിതമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ആ നിലയ്‌ക്ക് മുട്ടയ്‌ക്കുതന്നെ ആറുരൂപയില്‍ കൂടുതലാകുമെന്ന തിരിച്ചറിവാകാം കാരണം.
ചോറിനു പുറമേ ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ബിരിയാണി, വെജിറ്റബിള്‍ ഫ്രൈഡ് റൈസ്,ടൊമാറ്റോ റൈസ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് നെല്ലിക്കയോ പച്ചമാങ്ങയോ ചേര്‍ത്ത ചമ്മന്തി എന്നിവ നല്‍കണമെന്നാണ് നിര്‍ദ്ദേശം. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം ചെറുധാന്യം കൊണ്ടുള്ള വിഭവങ്ങളും വേണം. ശര്‍ക്കരയുടെ അളവ് കുറയ്‌ക്കണം, പഞ്ചസാര പേരിനുമാത്രമായിരിക്കണം എന്നിവയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍.
















