ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്കിനും ജെഫ് ബെസോസിനും മുകളിൽ, ആർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ ബിൽ ഗേറ്റ്സ് എന്ന പേര് എക്കാലവും നിലനിൽക്കുമായിരുന്നു. ഒരുപക്ഷേ, ലോകം ഇന്നേവരെ കാണാത്ത ആദ്യത്തെ ട്രില്ല്യനയർ (ഒരു ലക്ഷം കോടി ഡോളർ ആസ്തിയുള്ളയാൾ) എന്ന പദവി അദ്ദേഹത്തിന് സ്വന്തമാകുമായിരുന്നു.എന്നാൽ അദ്ദേഹം അതിസമ്പന്നൻ എന്ന പദവി അല്ല മറിച്ച് മനുഷ്യനന്മയുടെ വഴിയാണ് തെരഞ്ഞെടുത്തത്.
മറ്റൊരു കോടീശ്വരനും ഇതുവരെ നടത്താത്ത ഒരു നീക്കമാണ് ഇപ്പോൾ ഗേറ്റ്സ് നടത്തിവരുന്നത്. മരണശേഷം താൻ ഒരു കോടീശ്വരനായി അന്തരിച്ചു എന്ന് ആരും എഴുതിപ്പിടിപ്പിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി തന്റെ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനുമുമ്പ് താൻ ആർജിച്ച ധനം ഏകദേശം മുഴുവനായി തന്നെ ദാനധർമ്മങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ബിൽ ഗേറ്റ്സ്.
ഒരാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ആസ്തി 175 ബില്യൺ ഡോളറായിരുന്നു. പുതിയ കണക്കെടുപ്പിൽ അത് 124 ബില്യൺ ഡോളറായി(ഏകദേശം 10 ലക്ഷം കോടി) താഴ്ന്നിരിക്കുന്നു. മരണമെത്തുന്നതിനു മുമ്പ് തന്റെ കൈയിലുള്ള പണം മുഴുവൻ ദാനം ചെയ്യണം എന്ന തീരുമാനം ഗേറ്റ്സ് നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.തന്റെ പേരിലുള്ള 99 ശതമാനം പണം എങ്കിലും ഈ കാലയളവിൽ ദാനധർമ്മങ്ങൾക്ക് നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഇതിനെ അദ്ദേഹത്തിന്റെ ‘ദീർഘകാലമെടുത്തുള്ള ഗുഡ്‌ബൈ’ എന്നാണ് പലരും വിശേഷിപ്പിച്ചിരിക്കുന്നത്.
തനിക്കു വേണ്ടി എഴുതപ്പെടുന്ന ഒരു മരണക്കുറിപ്പിലും താൻ ഒരു ധനാഢ്യനായി മരിച്ചു എന്ന് വരരുത്. താൻ കൈവശം വച്ചിരിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളും, ആസ്തിയും 2045 ഡിസംബർ 31-ന് മുമ്പ് ദാനമായി വിതരണം ചെയ്തിരിക്കണം എന്നാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന് ബിൽ നൽകിയിരിക്കുന്ന നിർദ്ദേശം.
ആരോഗ്യ മേഖലയിൽ വാക്സിൻ പ്രോഗ്രാമുകൾക്കായി പണം ചെലവിടുന്നു. പോളിയോ, റോട്ടാവൈറസ് തുടങ്ങിയവ മരണം തടയാവുന്ന അസുഖങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.കരുത്തുറ്റ കൃഷി രീതികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയ്‌ക്കായാണ് അദ്ദേഹം പണം ചിലവഴിക്കുക.
















