ബെംഗളൂരു:കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണസംഖ്യ ഊതിപ്പെരുപ്പിച്ച് ചില യൂട്യൂബര്‍മാര്‍ കൂടുതല്‍ ഭയാനകത സൃഷ്ടിക്കുന്നതായി പരാതി. ലോറി ഡ്രൈവര്‍ മനാഫിനെപ്പോലെയുളള ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ശുചീകരണത്തൊഴിലാളികള്‍ വെളിപ്പെടുത്തി എന്ന് പറയുമ്പോള്‍ മറ്റ് ചാനലുകള്‍ നൂറിനടുത്ത് എന്നേ പറയുന്നുള്ളൂ.
അതുപോലെ തന്നെ മറ്റ് ചില യൂട്യൂബര്‍മാര്‍ ക്ഷേത്രവളപ്പില്‍ പൂവും പ്രസാദവും തൂത്ത് കളയേണ്ട ശുചീകരണത്തൊഴിലാളിക്ക് ശവശരീരങ്ങളാണ് കുഴിച്ചിടേണ്ടി വന്നതെന്നും അത് ക്ഷേത്രവളപ്പില്‍ തന്നെയാണ് കുഴിച്ചിട്ടതെന്നും പറയുന്നു. ഇതിന് കാരണക്കാരനായി മഞ്ജുനാഥക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരിയായ പത്മഭൂഷണ്‍ വീരേന്ദ്ര ഹെഗ്ഡേയെ പല യൂട്യൂബര്‍മാരും ലക്ഷ്യംവെയ്‌ക്കുന്നതുപോലെയാണ് റിപ്പോര്‍ട്ടുകള്‍. വീരേന്ദ്ര ഹെഗ്ഡേയുടെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയാണ് ചിലര്‍. മന്‍മോഹന്‍ സിങ്ങ് ഭരിയ്‌ക്കവേ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇദ്ദേഹത്തിന് വിഭൂഷണ്‍ നല്‍കി ആദരിച്ചത്. 2015ല്‍ രാഷ്‌ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയാണ് ഇദ്ദേഹത്തിന് പത്മവിഭൂഷണ്‍ സമ്മാനിച്ചത്. അതുപോലെ വാജ് പേയി സര്‍ക്കാര്‍ 2000ല്‍ ഇദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി.
ഏകദേശം 50000 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പുണ്യസ്ഥലം കൂടിയാണ് ധര്‍മ്മസ്ഥല. ഇന്ത്യയുടെ പലഭാഗത്ത് നിന്നും ഇവിടേക്ക് തീര്‍ത്ഥാടകര്‍ എത്തുകയും ചെയ്യുന്ന സുപ്രസിദ്ധസ്ഥലം കൂടിയാണ്. മൂകാംബികയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മലയാളികള്‍ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലും ധര്‍മ്മസ്ഥലയിലും പോവുകയും പതിവാണ്.
ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി അരുണ്‍ കെ ഒരു മികച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. രണ്ടുകോടി പ്രേക്ഷകര്‍ കണ്ടു എന്ന് പ്രചരിപ്പിക്കപ്പെടുന്ന സമീര്‍ എം.ഡി.എന്ന യൂട്യൂബര്‍ സൃഷ്ടിച്ച വീഡിയോ ആയിരുന്നു
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങളും നിരവധി മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന വാര്‍ത്തയും വീണ്ടും ചൂടുള്ള ചര്‍ച്ചാവിഷയമാക്കിയത്. ഏറെ ഗവേഷണം ചെയ്ത ശേഷമാണ് സമീര്‍ ഈ വീഡിയോ യൂട്യുബില്‍ പങ്കുവെച്ചതെന്നും പറയുന്നു. പക്ഷെ ആ വീഡിയോ എഐ ചിത്രങ്ങളുടെ സഹായത്തോടെ ഊതിപ്പെരുപ്പിച്ച, വലിയ ഭീതി ഉളവാക്കുന്ന ഒരു വീഡിയോ ആണെന്നാണ് ജില്ല പൊലീസ് മേധാവി അരുണ്‍ കെ പറയുന്നത്. യഥാര്‍ത്ഥസംഭവത്തെ അതിനേക്കാള്‍ പതിന്മടങ്ങ് പെരുപ്പിച്ച് കാണിക്കുന്ന രീതിയിലായിരുന്നു സമീറിന്റെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ പേരില്‍ ഈ യൂട്യൂബ് വീഡിയോ പിന്‍വലിക്കുകയും സമീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇത്തരം ചില രീതികള്‍ കാണുമ്പോള്‍ ധര്‍മ്മസ്ഥല പ്രശ്നത്തെ വെച്ച് ചിലര്‍ മുതലെടുപ്പിന് ശ്രമിക്കുകയാണോ എന്ന സംശയവും ജനിക്കുന്നു. ഈ സംശയം ജനിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകള്‍ ദിവസേന യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ബിജെപിയ്‌ക്ക് മേല്‍ക്കൈയുള്ള ഒരു സ്ഥലമാണ് ധര്‍മ്മസ്ഥല ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ല. ഇവിടെ ഇസ്ലാമിക ശക്തികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനും ശ്രമിച്ചുവരുന്ന പ്രദേശമാണ്. ഇതിന്റെ ഭാഗമായി പ്രവീണ്‍ നെട്ടാരു ഉള്‍പ്പെടെ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈ കൊലപാതകത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള സംഘങ്ങളായിരുന്നു. അവരെ എന്‍ഐഎ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനാല്‍ ധര്‍മ്മസ്ഥല കൂട്ടക്കൊലയ്‌ക്ക് പിന്നിലെ കൊലപാതകികളെ തേടുമ്പോള്‍ തന്നെ വര്‍ഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും പറയുന്നു.
സംഭവം അന്വേഷിക്കാന്‍ സത്യസന്ധരായ പൊലീസുകാരുടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഈ സംഭവത്തിന്റെ പേരില്‍ ഒരു മുതലെടുപ്പും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
















