മുംബൈ: രാജ് താക്കറെയെ ഹിന്ദി പഠിപ്പിക്കുമെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ അഭിപ്രായപ്രകടനത്തിന് കടുത്ത ഭാഷയില്‍ മറുപടിയുമായി മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. മഹാരാഷ്‌ട്രയിലെ കടലില്‍ നിഷികാന്ത് ദുബെയെ മുക്കിക്കൊല്ലുമെന്നായിരുന്നു രാജ് താക്കറെയുടെ മറുപടി.
മറാത്തി സംസാരിക്കാത്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ് രാജ് താക്കറെയുടെ പാര്‍ട്ടിയായ നവനിര്‍മ്മാണ്‍ സേനയുടെ പ്രവര്‍ത്തകര്‍. അണികളെ ഭാഷയുടെ പേരില്‍ പ്രകോപിപ്പിക്കാന്‍ രാജ് താക്കറെ ആവുന്നതും ശ്രമിക്കുന്നുമുണ്ട്. ബിജെപി സര്‍ക്കാരിന്റെ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന തീരുമാനത്തിനെതിരെയാണ് രാജ് താക്കറെയും ഉദ്ധവ് താക്കറെയും കൈകോര്‍ത്ത് പ്രകോപനമുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആ തീരുമാനം പിന്‍വലിച്ചിരുന്നു. എന്നിട്ടും മറാത്തി സംസാരിക്കാത്തവര്‍ക്കെതിരെ പ്രകോപനവുമായി ഇറങ്ങിയിരിക്കുകയാണ് രാജ് താക്കറെ.
ഇതോടെയാണ് തന്നെ മറാത്തി പഠിപ്പിക്കാന്‍ വന്നാല്‍ താന്‍ പടക് പടക് എന്ന് തല്ലുമെന്ന് നിഷികാന്ത് ദുബെ പ്രതികരിച്ചത്. “മറാത്തി ഭാഷ സംസാരിക്കുന്നവരെ കണ്ടാല്‍ തല്ലുമെന്ന് ഒരു ബിജെപി എംപി പറഞ്ഞിരിക്കുന്നു. നിങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്‌ട്രയിലേക്ക് വരൂ. ഞങ്ങള്‍ താങ്കളെ കടലില്‍ പല തവണ മുക്കിത്താഴ്‌ത്തും”- മുംബൈയില്‍ നടത്തിയ പ്രസംഗത്തില്‍ രാജ് താക്കറെ വെല്ലുവിളിച്ചു.
















