കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഇനിയും കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന നടിയുടെ അഭിഭാഷകയുടെ ആവശ്യം അംഗീകരിച്ച് വിചാരണക്കോടതി. പ്രോസിക്യൂഷന്‍ വാദം വിചാരണക്കോടതി അംഗീകരിച്ചതോടെ കേസ് ഇനിയും നീണ്ടേക്കും. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയും വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുകയും ചെയ്യുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിച്ചതോടെ പ്രോസിക്യൂഷന്‍ വാദം നീളുകയാണ്.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയില്‍ മനസ്സ് തകര്‍ന്ന നടൻ ദിലീപിന് ഈ കേസ് വീണ്ടും നീളുക വഴി കുരുക്കാകുമോ എന്ന ആശങ്കയുണ്ട്.. നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴ് വർഷം നീണ്ട വിചാരണയാണ് ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. വാദിഭാഗവും പ്രതിഭാഗവും നിരവധി ഹർജികളുമായി മേൽ കോടതികളെ സമീപിച്ചതോടെ കേസിലെ വാദം നീണ്ടുപോകുകയായിരുന്നു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. പൾസർ സുനിയാണ് ഒന്നാം പ്രതി.
പ്രതിഭാഗമാണ് കേസ് നീട്ടിക്കൊണ്ട് പോകുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപിച്ചത്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ളതുൾപ്പെടെ 60 ഓളം ഹർജികളിൽ എട്ടാം പ്രതിയായ ദിലീപ് മാത്രം നൽകിയിട്ടുണ്ട്.
എന്നാല്‍ ഇക്കുറി പ്രോസിക്യൂഷനാണ് കേസ് നീട്ടാനുള്ള വഴി ഒരുക്കിയിരിക്കുന്നത്. കൂടുതൽ വാദം അവതരിപ്പിക്കാനുണ്ടെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇക്കാര്യങ്ങളിൽ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിനും അവസരം ലങിക്കും. എന്തായാലും വിചാരണ വീണ്ടും നീണ്ട് പോകും. എങ്കിലും മിക്കവാറും ആഗസ്ത് പകുതിയോടെ വിധി പറഞ്ഞേക്കുമെന്ന് പ്രതീക്ഷയുണ്ട്.
















