ചണ്ഡീഗഡ് : ആം ആദ്മി പാര്‍ട്ടിനേതാവും പഞ്ചാബ് മുന്‍ മന്ത്രിയുമായ അന്‍മോള്‍ ഗഗന്‍ മാന്‍ നിയമസഭാംഗത്വം രാജിവച്ചു. രാഷ്‌ട്രീയം വിടാന്‍ തീരുമാനിച്ചതായും അവര്‍ വ്യക്തമാക്കി.35 കാരിയും ഗായികയുമായ അന്‍മോള്‍ 2022-ല്‍ ഖരാര്‍ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ രാജിവച്ചതായും തീരുമാനം പുനഃപരിശോധിക്കാന്‍ ശ്രമിച്ചതായും ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 2022 ജൂലൈയിലെ ഭഗവന്ത് മാന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തില്‍ അന്‍മോള്‍ മന്ത്രിയായെങ്കിലും 2024-ല്‍ നീക്കം ചെയ്തിരുന്നു.
എന്റെ ഹൃദയത്തിന് വല്ലാത്ത ഭാരം അനുഭവപ്പെടുന്നു, അതിനാല്‍ രാഷ്‌ട്രീയം വിടാന്‍ തീരുമാനിച്ചുവെന്ന് എക്സിലെ ഒരു പോസ്റ്റില്‍ അവര്‍ പറഞ്ഞു. പഞ്ചാബ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. രാജിതീരുമാനത്തിനുള്ള കാരണം വ്യക്തമാക്കിയില്ല.
















