തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലായ് 23 നും അന്തിമപട്ടിക ആഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ പറഞ്ഞു.
ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് ആഗസ്റ്റ് 25 നകം പൂര്‍ത്തിയാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. കുറ്റമറ്റ രീതിയില്‍ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാപരിശോധന പൂര്‍ത്തിയാക്കുന്നതിനും എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളുടെയും സഹകരണം കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.
കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലായ് 23 മുതല്‍ ആഗസ്റ്റ് 7 വരെ ഓണ്‍ലൈനായി നല്‍കാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അര്‍ഹതയുള്ളത്.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്‌ക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പറേഷനുകളിലും 152 ബ്ളോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലുമാണ് പൊതുതിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്തംബര്‍ 10ന് മാത്രമേ അവസാനിക്കുകയുള്ളൂ.
















