ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി .പദ്ധതിയിൽ വെറും അസംബ്ലിംഗ് മാത്രമാണ് നടക്കുന്നതെന്നാണ് രാഹുലിന്റെ ആരോപണം. പ്രധാന ഘടകങ്ങൾക്ക് ഇന്ത്യ ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുന്നുവെന്നാണ് രാഹുൽ പറയുന്നത്.
“ഇന്ത്യയിൽ നിർമ്മിക്കുന്ന മിക്ക ടിവികളുടെയും 80% ഘടകങ്ങളും ചൈനയിൽ നിന്നാണെന്ന് നിങ്ങൾക്കറിയാമോ? ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്ന പേരിൽ, നമ്മൾ യഥാർത്ഥത്തിൽ ഉൽപ്പാദനം നടത്തുന്നില്ല, അസംബിൾ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഐഫോണുകൾ മുതൽ ടിവികൾ വരെ – ഭാഗങ്ങൾ വിദേശത്ത് നിന്നാണ് വരുന്നത്; ഇവിടെ അവ ഒരുമിച്ച് ചേർക്കുന്നു.”സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിൽ രാഹുൽ കുറിച്ചു.
ഇന്ത്യ ഒരു യഥാർത്ഥ ഉൽപ്പാദന ശക്തിയായി മാറുന്നതിനും ചൈനയുമായി തുല്യനിലയിൽ മത്സരിക്കുന്നതിനും അടിസ്ഥാനതലത്തിലുള്ള മാറ്റം ആവശ്യമാണ് . ചൈന 10 വർഷം മുന്നിലാണെങ്കിലും, ശരിയായ കാഴ്ചപ്പാടോടെ നമുക്ക് അത് കൈവരിക്കാൻ കഴിയും- എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അടക്കം ലോകനേതാക്കൾ പ്രശംസിച്ച ഇന്ത്യയുടെ അഭിമാനപദ്ധതിയെയാണ് രാഹുൽ ഇന്ന് അപമാനിച്ചത് . പ്രതിരോധ രംഗത്തടക്കം കോടികളുടെ കയറ്റുമതിയാണ് മേയ്‌ക്ക് ഇൻ ഇന്ത്യ വഴി കേന്ദ്രസർക്കാർ സാധ്യമാക്കിയത് . അത് പോലും അവഗണിച്ചാണ് രാഹുലിന്റെ മുറവിളി.
















