കോഴിക്കോട് : റാപ്പര്‍ വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ പാട്ടുകള്‍ സിലബസില്‍ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എം.എസ്.അജിത്. സര്‍വകലാശാല സിലബസില്‍ തീരുമാനം എടുക്കേണ്ടത് ബോര്‍ഡ് ഓഫ് സ്റ്റഡീസും അക്കാഡമിക് കൗണ്‍സിലുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തമ ബോധ്യത്തോടെയാണ് വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയത്. സിലബസ് മറ്റൊരാള്‍ പരിശോധിച്ച് നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ല.ഔദ്യോഗികമായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോ. എം.എസ്.അജിത് പറഞ്ഞു.
വേടന്റെ പാട്ട് സിലബസില്‍ നിന്ന് നീക്കാന്‍ വിസി നിയോഗിച്ച വിദഗ്‌ദ്ധ സമിതി നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം ബോര്‍ഡ് ഓഫ് സ്റ്റഡീസിന് വിസി നല്‍കാനിരിക്കുകയാണ്. മലയാളം വിഭാഗം മുന്‍ മേധാവി എംഎം ബഷീറാണ് പഠനം നടത്തി വിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ ,ഗൗരിലക്ഷ്മിയുടെ ‘അജിത ഹരേ’ തുടങ്ങിയ പാട്ടുകളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ ഒഴിവാക്കണമെന്ന് ബഷീറിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്.
















