കൊച്ചി : യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സർക്കാർ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് കഴിഞ്ഞ ദിവസം മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ച് യെമന്‍ കോടതി ഉത്തരവിറക്കിയത്.
ബ്ലെഡ് മണിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ചോദിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ കണ്ടത്.
കാന്തപുരത്തിന്റെ ഇടപെടല്‍ അറിയില്ലെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. നിമിഷപ്രിയ കേസില്‍ നയതന്ത്രപരമായ ഇടപെടലിനൊപ്പം അനൗദ്യോഗിക ഇടപെടലും നടത്തിയിട്ടുണ്ടെന്ന് വി. മുരളീധരന്‍ പറഞ്ഞു. കാന്തപുരത്തിന്റെ ഇടപെടൽ അന്നൊന്നും ഉണ്ടായിട്ടില്ല. അനൗദ്യോഗിക ചർച്ചകൾ പല രീതിയിലും നടക്കുന്നുണ്ട്. ഗോത്ര വിഭാഗവുമായി ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചു. മൂന്നുമാസം മുമ്പും ഇത് നടന്നുവെന്നും മുരളീധരൻ പറഞ്ഞു.
എന്നാൽ നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു കാന്തപുരം പറഞ്ഞിരുന്നത് . അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിനു പിന്നാലെ യെമനിലെ മനുഷ്യാവകാശപ്രവർത്തകൻ നന്ദി പറഞ്ഞതും സർക്കാർ വൃത്തങ്ങളോടായിരുന്നു.
















