പാലക്കാട്: മഹാഭാരതത്തിന്റെ ഫലശ്രുതി തന്നെ ഇങ്ങിനെയാണ് മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയും കാണാനാവില്ല. മഹാഭാരത്തില്‍ ഉള്ളതാണ് എല്ലായിടത്തും ഉണ്ടാവുക എന്നാല്‍ മഹാഭാരതത്തിന്റെ ഈ ഫലശ്രുതി തെറ്റാണെന്നും മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ലെന്നും നമ്മുടെ പഞ്ചായത്തില്‍ സുന്നത്ത് കല്യാണം കാണാനാവുമെന്നും സുനില്‍ പി ഇളയിടം. മഹാഭാരതത്തെക്കുറിച്ച് പാലക്കാട് നടത്തിയ ഒരു പ്രഭാഷണ പരമ്പരയിലാണ് സുനില്‍ പി ഇളയിടത്തിന്റെ ഈ പ്രസ്താവന. എട്ട് ഭാഗങ്ങളായി യുട്യൂബില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോകളില്‍ ഒന്നാം ഭാഗത്തിലാണ് ഈ വിവാദപരാമര്‍ശം.
മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല. നമ്മടെ പഞ്ചായത്തില്‍ സുന്നത്ത് കല്യാണമുണ്ട്. അതുകൊണ്ട് എല്ലാം എവിടെയും ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. മഹാഭാരതം നടത്തുന്ന ആ അവകാശവാദം ഒരു തെറ്റായ അവകാശവാദം മാത്രമാണ്.-സുനില്‍ പി ഇളയിടം വിശദീകരിക്കുന്നു.
ഇതിലുള്ളത് നിങ്ങള്‍ക്ക് ലോകത്ത് പലയിടത്തും കാണാനാകും, എന്നാല്‍ ഇതില്‍ ഇല്ലാത്തത് എവിടെയും കാണാനാവില്ല എന്ന് മഹാഭാരതം അവകാശപ്പെടുന്നുണ്ട്. ഒരു ശ്ലോകത്തില്‍ തന്നെ മഹാഭാരതം ഇക്കാര്യം അവകാശപ്പെടുന്നുണ്ട് എന്ന് പറയുന്ന സുനില്‍ പി ഇളയിടം പിന്നീടാണ് സുന്നത്ത് കല്യാണത്തിലേക്ക് കടക്കുന്നത്. ലോകത്തിലുള്ളത് മുഴുവന്‍ മഹാഭാരതത്തില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അത് ശരിയാവില്ല. ഒരു എഴുത്തുകാരന്‍ ഒരിയ്‌ക്കല്‍ പറഞ്ഞിട്ടുണ്ട്. സുന്നത്ത് കല്യാണം മഹാഭാരതത്തില്‍ ഇല്ല എന്ന്. അത് ശരിയാണ്.
അതായത് മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയും ഇല്ല എന്ന് അവകാശപ്പെടാനാവില്ലെന്ന് വെല്ലുവിളിക്കുകയാണ്, പരിഹസിക്കുകയാണ് ഈ പ്രസ്താവനയിലൂടെ സുനില്‍ പി. ഇളയിടം. അതിന് ഉദാഹരണമാണത്രെ സുന്നത്ത് കല്യാണം. ഇതുപോലെ മഹാഭാരതത്തെ നിസ്സാരവല്‍കരിച്ചുകൊണ്ടുള്ള ഒട്ടേറെ പ്രസ്താവനകള്‍ സുനില്‍ പി ഇളയിടത്തിന്റെ ഏത് മഹാഭാരതം സംബന്ധിച്ച പ്രസംഗങ്ങളില്‍ കാണാം.
ഇയാളുടെ പ്രഭാഷണത്തില്‍ മഹാഭാരതത്തെക്കുറിച്ച് കഥകള്‍ വിവരിക്കുമ്പോള്‍ തന്നെ ഉടനീളം മഹാഭാരതത്തെ അതിന്റെ പവിത്രതയെല്ലാം ഊരിമാറ്റി ഒരു സാധാരണ പുസ്തകമാക്കി മാറ്റാനുള്ള ശ്രമം കൂടി കാണാനാവും. കുടുംബകലഹത്തിന്റെ കഥയാണെന്നതിനാല്‍ മഹാഭാരതം വീട്ടിക്കേറ്റാന്‍ പാടില്ലെന്ന് പണ്ട് സ്ഥിതി ഉണ്ടായിരുന്നുവെന്നും സുനില്‍ പി ഇളയിടം അവകാശപ്പെടുന്നു. വലിയ പൈതൃകത്തിന്റെ കഥയാണ് എന്ന് അവകാശപ്പെടുമ്പോഴും മഹാഭാരതം വീട്ടില്‍വെച്ച് വായിച്ചൂടാ എന്ന നിലപാടുണ്ടായിരുന്നു എന്നും സുനില്‍ പി ഇളയിടം അവകാശപ്പെടുന്നു. മഹാഭാരതം വീട്ടില്‍ കേറ്റാന്‍ പാടില്ലാത്ത പുസ്തകമാണെന്ന ചിന്ത ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നത് എവിടെയും കേട്ടറിവില്ല.
മലയാളത്തില്‍ മഹാഭാരതത്തിന്റെ മതപരമായ വായന മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് സുനില്‍ പി ഇളയിടത്തിന്റെ മറ്റൊരു ദുഖം. മതപരമായ വ്യാഖ്യാനം തന്നെ വളരെ സങ്കുചിതമായിരുന്നു എന്നും ഇയാള്‍ വിലപിക്കുന്നു.
















