സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് നിമിഷയുടെ കുടുംബത്തിനുവേണ്ടിയുള്ള പവർ ഓഫ് അറ്റോർണി ഹോൾഡറായ സാമുവൽ ജെറോം . നാളെയാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നൽകിയില്ലെങ്കിലും സർക്കാർ തീരുമാനമെടുക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രാലയം, വിദേശകാര്യമന്ത്രി ജയശങ്കർ , ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ഫലപ്രദമായ ഇടപെടലാണ് വധശിക്ഷ നീട്ടിവയ്‌ക്കാൻ കാരണമായതെന്നും സാമുവൽ ജെറോം പറയുന്നു.
“നിമിഷ പ്രിയയുടെ കാര്യത്തിൽ, യെമനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2025 ജൂലൈ 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവച്ചതായി അറിയാൻ കഴിഞ്ഞു. കേസിന്റെ തുടക്കം മുതൽ ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുന്ന ഇന്ത്യാ ഗവൺമെന്റ്, നിമിഷ പ്രിയയുടെ കുടുംബത്തിന് എതിർ കക്ഷിയുമായി പരസ്പര സമ്മതത്തോടെയുള്ള ഒരു പരിഹാരത്തിലെത്താൻ കൂടുതൽ സമയം തേടുന്നതിന് സമീപ ദിവസങ്ങളിൽ യോജിച്ച ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രാദേശിക ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും പതിവായി ബന്ധപ്പെട്ടിരുന്നു, ഇത് ഈ മാറ്റിവയ്‌ക്കലിന് കാരണമായി, ” എന്നാണ് പുറത്ത് വന്ന റിപോർട്ടുകളിൽ പറയുന്നത് .
















