ഇക്കഴിഞ്ഞ ഗുരുപൂര്‍ണ്ണിമാ ദിനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ (ആഢച) വിദ്യാലയങ്ങളില്‍ ഗുരുപൂജയും പാദവന്ദനവും നടത്തിയത് കേരളത്തില്‍ ചില രാഷ്‌ട്രവിരുദ്ധ സംഘടനകളും സാംസ്‌കാരിക വിരുദ്ധരും വിവാദമാക്കാന്‍ ശ്രമിക്കുന്നു. നിര്‍ഭാഗ്യവശാല്‍ നവമാധ്യമങ്ങളോടൊപ്പം ചില അച്ചടി മാധ്യമങ്ങളും ഇതിനെ സമൂഹം കലുഷിതമാക്കാനുള്ള അവസരമായി ആഘോഷിക്കുകയും ചെയ്യുന്നു.
ബിവിഎന്‍ വിദ്യാലയങ്ങളില്‍ കഴിഞ്ഞ 45 വര്‍ഷത്തിലേറെയായി ആഷാഢമാസത്തിലെ പൗര്‍ണ്ണമി ദിനം (ആഷാഢ പൗര്‍ണമി) ഗുരുപൂജയായി ആചരിക്കുന്നു. വ്യാസ പൂര്‍ണ്ണിമയെന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന ഈ മഹനീയ മുഹൂര്‍ത്തം ഗുരുപൂര്‍ണ്ണിമയെന്നും അറിപ്പെടുന്നുണ്ട്.
ആചാര്യദേവോ ഭവഃ (ആചാര്യന്‍ ദൈവമാണ്) എന്ന വാക്യം ഭാരതീയ സംസ്‌കാരത്തിന്റെ ഗരിമയാര്‍ന്ന സങ്കല്‍പ്പമാണ്. ആചരിച്ചുകാണിക്കുന്നവനെന്ന നിലയില്‍ ആചാര്യനെന്നു പറയപ്പെടുന്ന അതേ വ്യക്തിയെത്തന്നെയാണ് ‘ഗുരു’ എന്ന പേരിലും വിളിക്കുന്നത്. ‘ഗു’ എന്നാല്‍ ഇരുട്ട് എന്നും ‘രു’ എന്നാല്‍ നിരോധിക്കലെന്നും അര്‍ത്ഥമാക്കി ‘ഇരുട്ടിനെ നിരോധിക്കുന്നവന്‍’ എന്ന സവിശേഷ സങ്കല്‍പ്പമാണ് ഗുരു എന്ന അഭിസംബോധനക്ക് ആധാരം.
നമ്മുടെ മനസിനകത്ത് കുമിഞ്ഞു കൂടുന്ന അജ്ഞാന (അജ്ഞതയെ)മെന്ന ഇരുട്ടിനെ ജ്ഞാനപ്രകാശത്താല്‍ നിരോധിച്ച് മനസിനെ പ്രകാശപൂരിതമാക്കുകയാണ് ‘ഗുരുക്കന്മാര്‍’ ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യമനസ്സിന്റെ ഇരുട്ടിനെ മാറ്റി വെളിച്ചം പകരുന്ന ഏതും ഗുരുവായി നാം സങ്കല്‍പ്പിക്കുന്നു.
ഗുരു നമുക്ക് മാര്‍ഗദര്‍ശകനാണ്. ജനിച്ചു വീണ കുട്ടിക്ക് ആദ്യ ഗുരു സ്വന്തം മാതാവാണ്. അതിനാല്‍ മാതൃദേവോ ഭവഃ (അമ്മ ദൈവമാണ്) എന്ന ബോധം അവനിലുണ്ടാവുന്നു. തുടര്‍ന്ന് പിതൃദേവോ ഭവഃ (പിതാവ് ദൈവമാണ്) എന്നറിയിക്കുന്നു. അച്ഛനമ്മമാര്‍ കണ്‍കണ്ട ദൈവങ്ങളാണെന്ന നന്മയുടെ സ്വാംശീകരണം കുട്ടിയില്‍ മാതൃപിതൃ ബന്ധത്തിന്റെ മഹത്വവും ആദരണീയതയും ഉണ്ടാക്കുന്നു. വീടുവിട്ട് പുതിയ സമൂഹത്തിലിറങ്ങി വിദ്യാലയത്തിലെത്തുമ്പോള്‍ അദ്ധ്യാപകന്‍ (ആചാര്യനും)ദൈവതുല്യനാണെന്ന ബോധം കുട്ടിയിലുണ്ടാകുന്നു.
തനിക്ക് മാര്‍ഗ്ഗദര്‍ശനവും നന്മയും നല്‍കുന്നതിനെയൊക്കെ നാം ഗുരുസങ്കല്‍പ്പത്തില്‍ കാണുന്നു. പ്രകൃതിയും പ്രകൃതിയിലെ പല സൃഷ്ടികളും നമുക്ക് ഗുരു തന്നെയാണ്.
ഏതൊരു വിദ്യയുടെയും ആരംഭം ഗുരുവന്ദനത്തോടെ നടത്തുന്നതും അവസാനിക്കുമ്പോള്‍ ഗുരുവന്ദനം ചെയ്ത് ദക്ഷിണ നല്‍കുന്നതും ഭാരതീയ സംസ്‌കൃതിയുടെ ഉദാത്തമായ ജീവിതദര്‍ശനമാണ്. നാം കാണുന്ന ഗുരു ഒറ്റപ്പെട്ടവനല്ല, മറിച്ച് പുരാതന കാലം മുതല്‍ ആദരിച്ചുവന്ന ഗുരുവിന്റെ പരമ്പരയിലെ കണ്ണിയാണ്. ഈ ഗുരുപരമ്പരയെ മുഴുവന്‍ നമസ്‌കരിച്ചും ആദരിച്ചും സമകാലികനായി നില്‍ക്കുന്ന ഗുരുവിനെ പാദപൂജ ചെയ്ത് പരമ്പരയുടെ അനുഗ്രഹാശിസ്സുകള്‍ നേടുകയെന്നത് ഭാരത സംസ്‌കൃതിയുടെയും സ്വധര്‍മ്മാചരണത്തിന്റെയും അനിവാര്യമായ ഭാഗമാണ്.
‘ഗുരുത്വം’ എന്നതിന്റെ കുറവു കാണുമ്പോഴാണ് പൊതുവെ സമൂഹം ‘3’ അക്ഷരം കുറഞ്ഞവനെന്ന് അത്തരക്കാരെ സൂചിപ്പിക്കുന്നത്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വികാരത്തിന് വിധേയമായി നാം കുട്ടികളേയും തിന്മയില്‍ സഞ്ചരിക്കുന്നവനേയും ‘കുരുത്തം കെട്ടവന്‍’ എന്ന് ധ്വനിപ്പിക്കുന്നതും ഈ ഗുരുസ്മരണയുടെ മഹനീയഭാവത്തില്‍ അഭിരമിച്ചുകൊണ്ടാണ്. അതിനാല്‍ കുരുത്തം (ഗുരുത്വം)കെട്ടവനെയല്ല കുരുത്തമുള്ളവനെയാണ് സമൂഹത്തിനാവശ്യം. അതാണ് സമൂഹത്തിന് അഭികാമ്യവും.
സ്വാഭിമാനത്തെ നിലനിര്‍ത്തുമ്പോഴും അത് അതിരുകടന്ന് ‘അഹന്ത’യാകാന്‍ പാടില്ലെന്നത് നമ്മുടെ കീഴ്‌വഴക്കമാണ്. അഹംബോധവും ആത്മവിശ്വാസവും അതിരുകടക്കുമ്പോള്‍ അത് അഹങ്കാരവും താന്തോന്നിത്തവുമായി മാറും. അങ്ങനെ വരാതിരിക്കാന്‍ നമ്മുടെ ആത്മാഭിമാനവും അഹംബോധവും നിയന്ത്രിതമായ രൂപത്തില്‍ മനുഷ്യനി
ല്‍ സന്നിവേശിക്കണം. അതിന് നമുക്ക് നമ്മെ നിയന്ത്രിക്കുന്ന-നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന-നമുക്ക് മുന്‍പെ നടന്നവരുടെ വാക്കും നോക്കും ശ്രദ്ധിക്കേണ്ടതുണ്ട്. അനുഭവജ്ഞരുടെ ജീവിത സന്ദേശമാണ് നമുക്ക് യഥാര്‍ത്ഥ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത്.
ഭാവി തലമുറയെ ഏതു രീതിയിലും വഴിപിഴപ്പിച്ച് സംസ്‌കാര ശൂന്യരും ധിക്കാരികളും താന്തോന്നികളുമാക്കി മാറ്റി നമ്മുടെ യഥാര്‍ത്ഥ സാംസ്‌കാരിക സത്തയെ നശിപ്പിക്കാന്‍ ഒരു കൂട്ടം നവ ലിബറിലിസക്കാരും പുരോഗമനാശയക്കാരും വിധ്വംസക മത-രാഷ്‌ട്രീയ ശക്തികളും ചേര്‍ന്ന് ഒരച്ചുതണ്ടായി ഇവിടെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ ‘സ്വത്വ’ത്തിന്റെ നിരാകരണവും സംസ്‌കൃതിയുടെ അപചയവുമാണവര്‍ക്കാവശ്യം. അതിനാല്‍ സ്വാതന്ത്ര്യത്തെപ്പോലും അവര്‍ താന്തോന്നിത്തത്തിന്റെ അവകാശമായി പ്രചരിപ്പിക്കുന്നു. ഏതു സ്വാതന്ത്ര്യവും സമൂഹത്തിന് ഉതകുന്നതും, സാമൂഹ്യ സംവിധാനങ്ങള്‍ക്കും രീതി നീതികള്‍ക്കും അനുവദനീയവുമാകണമെന്ന സത്യത്തെ അവര്‍ നിഷേധിക്കുന്നതായിക്കാണുന്നു. ഗുരുവിന് വിദ്യാലയ മുറ്റത്ത് ജീവനോടെ പട്ടട തീര്‍ക്കുന്നവരും ഗുരുനാഥ പിരിഞ്ഞു പോകുമ്പോള്‍ അവരുടെ ഇരിപ്പിടം വിദ്യാലയ തിരുമുറ്റത്ത് കത്തിക്കുന്നവരും ഗുരുനാഥന്റെ മുഖത്തടിക്കുന്നവരും പ്രാഥമിക കൃത്യങ്ങള്‍ പോലും നിറവേറ്റാനനുവദിക്കാതെ ഗുരുനാഥരെ അടച്ചുപൂട്ടുന്നവരുമെല്ലാം നമ്മുടെ കേരളീയ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രകളായിത്തീരുന്നു. ഇത്തരം ഗൗരവമേറിയ സന്ദര്‍ഭങ്ങളെ നാം ലഘൂകരിച്ചുകാണേണ്ടതല്ല. സഹപാഠികളെ മര്‍ദ്ദിക്കുകയും ധനാപഹരണത്തിന് വിധേയരാക്കുകയും വേണ്ടിവന്നാല്‍ സഹപാഠിയുടെ ജീവനെടുക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ, ഭാവി തലമുറയെ അല്ല-ബിവിഎന്‍ ആഗ്രഹിക്കുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്ന് വിദ്യാഭ്യാസരംഗത്ത് ഇത്തരം പേക്കൂത്തുകള്‍ ഭരണക്കാരുടേയും-സാംസ്‌കാരികാപചയ വിധേയരായ സാംസ്‌കാരിക നായകരുടെയും, ബുദ്ധി വിറ്റ് ജീവിക്കുന്ന (കു)ബുദ്ധിജീവികളുടേയും വാഴ്‌ത്തപ്പെടലുകള്‍ക്ക് വിധേയമാകുന്നുവെന്ന ദുരന്തസത്യം നാം തിരിച്ചറിയേണ്ടതുണ്ട്. പ്രി
ന്‍സിപ്പലിന്റെ മുഖത്തു നോക്കി ”താന്‍ പുറത്തേക്കുവാ അവിടെ കാണിച്ചുതരാം” എന്ന് ധിക്കാരപൂര്‍വ്വം സംസാരിക്കുന്ന വിദ്യാര്‍ത്ഥികളെയാണോ നമുക്ക് ഭാവി പൗരന്മാരായി വേണ്ടതെന്നും നാം ചിന്തിക്കണം.
മുതിര്‍ന്നവരോടും മാതാപിതാക്കളോടും പിതാമഹന്മാരോടുമെല്ലാം സ്‌നേഹവും ആദരവും പുലര്‍ത്തുന്ന, തിന്മക്കു പകരം നന്മയെ സ്വാംശീകരിക്കാന്‍ ജീവിതത്തെ പാകപ്പെടുത്തുന്ന ഭാവിതലമുറയാണ് നമുക്കാവശ്യം. അവര്‍ വിദ്യാലയങ്ങളില്‍ ഗുരുനാഥന്മാരോട് സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന, വികാരത്തിനു പകരം വിചാരത്താല്‍ നയിക്കപ്പെടുന്ന നല്ല മനുഷ്യരായി വളരണമെന്നും ഭാവിയില്‍ സമൂഹത്തിനും നാടിനും പ്രയോജനപ്പെടണമെന്നും ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ക്ക് ഏറെ നിഷ്‌കര്‍ഷയുണ്ട്.
ഇതേ വിചാര വികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാലയങ്ങളും കേരളത്തിലുണ്ട്. ധര്‍മ്മാചാര്യന്മാരും സംന്യാസപ്രസ്ഥാനങ്ങളും മറ്റും നടത്തിവരുന്ന വിദ്യാലയങ്ങളും ലക്ഷ്യമിടുന്നത് നേരത്തെ സൂചിപ്പിച്ച അഭിലഷണീയമായ ഒരു ഭാവി തലമുറയെയാണ്.
വ്യാസ ജയന്തി ദിനത്തില്‍ ലോകഗുരുവായ വ്യാസഭഗവാനെ പൂജിക്കാനും ആ പരമ്പരയെ സ്മരിച്ച് മുഴുവന്‍ ഗുരുക്കന്മാരെയും പൂജിക്കുവാനും സംസ്‌കാരസമ്പന്നരും’സ്വത്വ’ബോധമുള്ളിലുയര്‍ന്നവരുമായ വ്യക്തികള്‍ക്ക് തീര്‍ച്ചയായും സ്വാതന്ത്ര്യമുണ്ട്. അതിനെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല.
വ്യാസ പൗര്‍ണമിയും ഗുരുപൂജയും ഒരു മതപരമായ ചടങ്ങല്ല. പ്രത്യുത ഭവ്യമായ ഭാരത സംസ്‌കാരത്തിന്റെ പ്രകടീകരണമാണ്. മുക്കുവ സ്ത്രീ പ്രസവിച്ച കുട്ടി വേദവ്യാസനായതും ലോകഗുരുവായി പരിഗണിക്കപ്പെടുന്നതും ഉദാത്തവും മഹനീയവുമായ ഒരു സംസ്‌കാരത്തിന്റെ ശക്തവും വ്യക്തവുമായ സാക്ഷാത്കാരമാണെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. ഗുരുപുജ മതബോധത്തെയോ ജാതിബോധത്തെയോ വളര്‍ത്താന്‍ വേണ്ടിയല്ല, മറിച്ച് ഇത്തരം ബോധങ്ങളെ സമന്വയിപ്പിച്ച് ഗുരുവിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് മൂല്യബോധമുള്ള വ്യക്തികളായി സ്വയം രൂപപ്പെടാനും സമൂഹത്തെ രൂപപ്പെടുത്താനുമുള്ള സ്വബാധ്യതയെ ആത്മാവില്‍ ആവിഷ്‌കരിക്കാന്‍ വേണ്ടിയാണന്ന ആത്മബോധവും നമ്മില്‍ രൂഢമൂലമാകേണ്ടതുണ്ട്.
ഭാരതീയ ‘സ്വത്വ’ത്തേയും സംസ്‌കൃതിയെയും വികൃതവും വികലവുമാക്കി അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമാജ ശത്രുക്കളാണ്. അവര്‍ രാഷ്‌ട്രവിദ്രോഹികളാണ്: ഉണര്‍ന്നും ഉയര്‍ന്നും വരുന്ന ഭാരത മഹിമയില്‍ അവര്‍ അസൂയാലുക്കളും അസഹിഷ്ണുക്കളുമാണെന്നും തിരിച്ചറിയാന്‍ നമുക്ക് കഴിയണം. ഉജ്ജ്വലമായ ഭാരത പാരമ്പര്യങ്ങളേയും ‘സ്വത്വ’ബോധത്തെയും ഏതര്‍ത്ഥത്തിലും നിലനിര്‍ത്താനും പരിപോഷിപ്പിക്കുവാനും ധര്‍മ്മബോധമുള്ള ഏതൊരു ഭാരതീയനും ചുമതലയുണ്ടെന്ന തിരിച്ചറിവും നമുക്കുണ്ടാകണം.
രാഷ്‌ട്ര ‘സ്വത്വ’ത്തെ നിരാകരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള അപക്വമതികളും ഗൂഢലക്ഷ്യങ്ങളാല്‍ പ്രേരിതരുമായവരുടെ ജല്പനങ്ങള്‍ക്ക് ആരും കാതോര്‍ക്കില്ല. മറിച്ച് ഗുരുപൂജയും ഭാവി തലമുറയുടെ നന്മയെ സ്വാംശീകരിക്കാനുള്ള ‘സ്വത്വ’പ്രധാനമായ പ്രവര്‍ത്തനങ്ങളും ശക്തമായി ഇനിയും മുന്നോട്ടുപോവുകതന്നെ ചെയ്യുമെന്ന് ഇത്തരം ദുഷ്ടശക്തികളെ ഓര്‍മ്മപ്പെടുത്തുന്നു. ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് മുന്നേറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: