ന്യൂദല്‍ഹി: യമനില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കി.സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സന്‍ അഡ്വ. ദീപ ജോസഫ് ആണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലിയ്‌ക്ക് നിവേദനം സമര്‍പ്പിച്ചത്.
അതിനിടെ, നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ ഇടപെട്ടതില്‍ ആക്ഷന്‍ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ കാന്തപുരത്തെ സന്ദര്‍ശിച്ച് നന്ദി രേഖപ്പെടുത്തുകയായിരുന്നു.നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അതേ സമയം ദിയാധനം സ്വീകരിക്കാന്‍ കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം ഇതുവരെ തയാറായിട്ടില്ല.
കാന്തപുരത്തിന്റെ സുഹൃത്തായ യമനിലെ സുന്നി പണ്ഡിതന്‍ വഴിയാണ് തിങ്കളാഴ്ച നോര്‍ത്ത് യമനില്‍ ചര്‍ച്ച നടന്നത്.ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുത്തത്.ചോരപ്പണം സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ നിര്‍ദേശം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍ കുടുംബം ദിയാധനം സ്വീകരിച്ചാലേ വധശിക്ഷയില്‍ നിന്നൊഴിവാക്കാനാകൂ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ചര്‍ച്ച ചൊവ്വാഴ്ചയും തുടരും.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസമാണ് വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ യമനിലെ സാഹചര്യങ്ങള്‍ മൂലം കൂടുതല്‍ ഇടപെടല്‍ നടത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ കൊല്ലപ്പെട്ട തലാലിന്റെ ഗോത്രം ദിയാധനം സ്വീകരിക്കുന്നത് ആചാരവിരുദ്ധമെന്ന നിലാപാടിലാണ്.
യമനില്‍ വ്യവസ്ഥാപിക ഭരണകൂടമല്ല ഉളളത്. ഓരോ പ്രവിശ്യയിലും ഓരോ ഭരണകൂടമാണ്.ഈ സാഹചര്യത്തില്‍ നയതന്ത്ര ഇടപെടലിന് പരിമിതിയുണ്ട്.വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി.
















