ഇസ്ലാമാബാദ് : പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ബലൂച് നാഷണൽ മൂവ്‌മെന്റിന്റെ (ബിഎൻഎം) ഇൻഫർമേഷൻ സെക്രട്ടറി ഖാസി ദാദ് മുഹമ്മദ് റെഹാൻ . ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യമിട്ടുള്ള സായുധ പ്രതിരോധത്തിന്റെ പുതിയ തരംഗമായ “ഓപ്പറേഷൻ ബാം” തുടക്കം മാത്രമാണെന്നും , സംഘടിതവും ഫലപ്രദവുമായ നടപടികളിലൂടെ പാകിസ്ഥാൻ അടിച്ചമർത്തലിനെ ചെറുക്കാൻ തങ്ങൾക്ക് കഴിയുമെന്നതിന്റെ സൂചനയാണിതെന്നും ഖാസി ദാദ് മുഹമ്മദ് റെഹാൻ പറഞ്ഞു.
“ഓപ്പറേഷൻ ബാം, അതായത് ‘പ്രഭാതം’, നമ്മുടെ പോരാട്ടത്തിലെ ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു. ബലൂച് ജനത തങ്ങളുടെ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനും സംഘടിതവും ഫലപ്രദവുമായ നടപടികളിലൂടെ പാകിസ്ഥാൻ അടിച്ചമർത്തലിനെ ചെറുക്കാനും തയ്യാറാണെന്ന് ഇത് കാണിക്കുന്നു,” ഖാസി പറഞ്ഞു.
“പാകിസ്ഥാൻ പാർലമെന്റ് ബഹിഷ്‌കരിക്കുന്ന ആദ്യ കക്ഷി ഞങ്ങളാണ് . പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനുള്ളിലെ പരിമിതമായ സ്വയംഭരണത്തിനോ ടോക്കൺ അവകാശങ്ങൾക്കോ വേണ്ടിയല്ല, പൂർണ്ണ സ്വാതന്ത്ര്യത്തിനാണ് ഞങ്ങളുടെ പോരാട്ടം. ബലൂച് നേതാക്കളുടെ മുൻ തലമുറകൾ പാർലമെന്ററി രാഷ്‌ട്രീയത്തിൽ പങ്കെടുത്തെങ്കിലും വ്യക്തമായ നേട്ടങ്ങളൊന്നും കണ്ടില്ല. പകരം, സാംസ്കാരിക ശോഷണത്തിനും വ്യവസ്ഥാപരമായ പാർശ്വവൽക്കരണത്തിനും അവർ സാക്ഷ്യം വഹിച്ചു.
സ്വാതന്ത്ര്യം ലഭിച്ചാൽ ബലൂചിസ്ഥാന് സ്വയം ഭരിക്കാനുള്ള ശക്തിയും ഐക്യവും ഉണ്ടെന്ന് ഓപ്പറേഷൻ ബാം തെളിയിക്കുന്നു. സ്വതന്ത്രമാക്കപ്പെട്ടാൽ ബലൂചിസ്ഥാൻ കുഴപ്പത്തിലാകുമെന്ന പാകിസ്ഥാന്റെയും സഖ്യകക്ഷികളുടെയും വാദത്തെ ഇത് വെല്ലുവിളിക്കുന്നു . ബലൂചിസ്ഥാൻ പാകിസ്ഥാന്റെ ഭാവിയുടെ ഭാഗമല്ലെന്നും ഒരിക്കലും അതിന്റെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: