ന്യൂദല്‍ഹി: നിമിഷപ്രിയകേസില്‍ സാധ്യമായതെല്ലാം ചെയ്ത കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തി കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയാണ് കെ.സി. വേണുഗോപാല്‍ നടത്തിയത്.
കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണം
തിങ്കളാഴ്ച പോലും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഈ കേസില്‍ ഇടപെടാനുള്ള സര്‍ക്കാരിന്റെ പരിമിതകള്‍ അറിയിച്ചിരുന്നു. യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്രബന്ധമില്ല, അതിനാല്‍ തന്നെ അവിടെ ഇന്ത്യയ്‌ക്ക് ഒരു സ്ഥാനപതി കാര്യാലയവും ഇല്ല. ഇക്കാരണത്താല്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ ഇന്ത്യയ്‌ക്ക് പരിമിതകള്‍ ഉണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയെ ബോധിപ്പിച്ചത്. യെമനില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പോലും ബുദ്ധിമുട്ടാണെന്നും നിമിഷ പ്രിയ കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് സന്ദീപ് മേത്ത നയിക്കുന്ന ബെഞ്ചിന് മുന്‍പാകെ വെങ്കട്ട് രമണി ബോധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ യെമന്‍ സര്‍ക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും വധശിക്ഷ നീട്ടിവെയ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഈ വാദം തുടരുന്ന സമയത്തും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും വെങ്കട്ട് രമണി സുപ്രീംകോടതിയെ അറിയിച്ചു. കൊലചെയ്യപ്പെട്ട യെമന്‍ പൗരനായ തലാലിന്റെ കുടുംബം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ ആവശ്യപ്പെട്ട ബ്ലഡ് മണി നല്‍കി കേസ് അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
സനയിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ ജൂലായ് 16 ചൊവ്വാഴ്ച വധശിക്ഷയ്‌ക്ക് വിധേയമാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ചാനലുകള്‍ ഉപയോഗപ്പെടുത്തി നിമിഷപ്രിയയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
യാഥാര്‍ത്ഥ്യം ഇതായിരിക്കെ എങ്ങിനെയാണ് കെ.സി. വേണുഗോപാലിന് കേന്ദ്രസര്‍ക്കാര്‍ സക്രിയമായി യാതൊന്നും ചെയ്യുന്നില്ലെന്ന് പ്രസ്താവിക്കാന്‍ കഴിയുന്നത് എന്ന ചോദ്യമുയരുകയാണ്. ഈ കേസില്‍ അനാവശ്യമായി കേന്ദ്രത്തെ വിമര്‍ശിക്കുക എന്ന സത്യസന്ധമല്ലാത്ത പതിവ് രീതി തന്നെയാണ് കെ.സി. വേണുഗോപാല്‍ ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ അപചയത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണിതെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു
നിമിഷപ്രിയകേസില്‍ എത്രയോ കാലമായി കേന്ദ്രസര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വരെ ഇടപെട്ടിരുന്നു. ഇറാനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ച് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ ശ്രമിച്ചിരുന്നു.’നിമിഷ പ്രിയയ്‌ക്ക് യെമനിൽ വധശിക്ഷ വിധിച്ചത് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. പ്രിയയുടെ കുടുംബം പ്രസക്തമായ വഴികൾ അന്വേഷിക്കുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. സർക്കാർ. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്’- മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞ വാക്കുകളാണിത്.
രാജ്യസഭയില്‍ കേന്ദ്രമന്ത്രി നല്‍കിയ വിശദീകരണം
നിമിഷ പ്രിയയുടെ മോചന വിഷയം സംബന്ധിച്ച് രാജ്യസഭയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് മറുപടി നല്‍കിയിരുന്നു. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് അറിയിച്ചു. ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി വെളിപ്പെടുത്തി. നിമിഷപ്രിയയുടെ അമ്മയ്‌ക്ക് യെമനിലേക്ക് പോകാന്‍ സൗകര്യം കേന്ദ്രസര്‍ക്കാര്‍ നല്‍കി. ചര്‍ച്ചയ്‌ക്ക് പവര്‍ ഓഫ് അറ്റോണിയെ നിയോഗിച്ചു.അഭിഭാഷകന്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷന്‍ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച ചോരപ്പണം യെമനില്‍ എത്തിക്കാനും സഹായം നല്‍കി. എന്നാല്‍ മോചനം സാധ്യമാക്കാന്‍ രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ച വിജയിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
അത് വിജയിക്കാത്തതായിരുന്നു യഥാര്‍ത്ഥത്തില്‍ നിമിഷപ്രിയയുടെ മോചനത്തിന് തടസ്സമായത്. ആഭ്യന്തരകലാപത്താല്‍ കലുഷിതമായ യെമനില്‍ ഇപ്പോള്‍ രണ്ട് സര്‍ക്കാരുകളാണ് ഉള്ളത്. യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്രബന്ധമില്ല.അവിടെ ഇന്ത്യയ്‌ക്ക് ഒരു സ്ഥാനപതി കാര്യാലയവും ഇല്ല. ഇക്കാരണത്താല്‍ നയതന്ത്രതലത്തില്‍ ഇന്ത്യയ്‌ക്ക് ഇടപെടാന്‍ പരിമിതികള്‍ ഉണ്ട്.
സത്യം ഇതായിരിക്കേ കെ.സി. വേണുഗോപാല്‍ എംപി എന്തുകൊണ്ട് ഇത്രയും നിരുത്തരവാദപമായ പ്രസ്താവന നടത്തി രാഷ്‌ട്രീയം കളിക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.
ചോരപ്പണം നല്‍കാനുള്ള ശ്രമം വിജയിച്ചില്ല
ഇതിനിടെ നിമിഷപ്രിയയ്‌ക്ക് വധിക്കപ്പെട്ട തലാല്‍ ഉള്‍പ്പെട്ട ഗോത്രത്തിന്റെ നേതാക്കള്‍ക്ക് ചോരപ്പണം നല്‍കി പ്രശ്നം ഒത്തുതീര്‍ക്കാന്‍ ഒരു ശ്രമം ആക്ഷന്‍ കൗണ്‍സില്‍ ചെയ്തിരുന്നു. പക്ഷെ ഇത് ഫലവത്തായില്ല. ഗോത്ര നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്താന്‍ വേണ്ടി നല്‍കാന്‍ ആവശ്യപ്പെട്ട പണത്തിന്റെ രണ്ടാം ഗഡു നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ നിന്നും കിട്ടാത്തതിനാല്‍ ചര്‍ച്ച വഴിമുട്ടിയെന്നാണ് തമിഴ്‌നാട് സ്വദേശിയും യമനില്‍ ബിസിനസ് ചെയ്യുന്ന ആളും സാമൂഹിക പ്രവര്‍ത്തകനുമായ സാമുവല്‍ ജെറോം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ചര്‍ച്ചകളുടെ പുരോഗതിയോ പണത്തിന്റെ കണക്കോ പങ്കുവയ്‌ക്കാന്‍, സാമുവല്‍ ജെറോം തയ്യാറായില്ലെന്നാണ് ഇക്കാര്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കുന്ന വിശദീകരണം. ദിയാധനം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാന്‍ തലാലിന്റെ കുടുംബം വിസമ്മതിച്ചതും കേസ് ഒത്തുതീരാതിരുന്നതിന് കാരണമായി. ദയാധനം സ്വീകരിക്കില്ലെന്ന നിലപാടിൽ തലാലിന്റെ ഗോത്രം ഉറച്ചുനില്‍ക്കുകയാണ്.. എത്രയും വേഗം ശിക്ഷ നടപ്പാക്കി തങ്ങളുടെ അഭിമാനം സംരക്ഷിക്കണമെന്ന നിലപാടിലാണ് ഗോത്രവർഗം. യെമനില്‍ നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ നടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പിന്തുണയും നല്‍കിവരുന്നുണ്ട്. അതില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വഴി യെമനിലെ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമര്‍ യെമന്‍ പ്രതിനിധികളുമായി നടത്തിവരുന്ന ചര്‍ച്ചകളെയും കേന്ദ്രം പിന്താങ്ങുന്നുണ്ട്.
നിമിഷ പ്രിയയുടെ കേസിന്റെ ചരിത്രം
നാട്ടിലെ ദാരിദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ 2019-ൽ നാട് വിട്ട പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയാണ് ഭര്‍ത്താവ്. 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെയാണ് യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുന്നത് .
യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതുകൊണ്ടാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസിന് കൂടുതൽ പണം ആവശ്യമുള്ളതിനാൽ നിമിഷയും ഭർത്താവും മിഷേൽ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടിൽ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമൻ-സൗദി യുദ്ധത്തെ തുടർന്ന് ആ യാത്ര മുടങ്ങി.
2017 ജൂലൈ 25 ൽ ആയിരുന്നു സംഭവം. ബിസിനസ് പങ്കാളിയെന്ന നിലയിൽ ആദ്യമൊക്കെ മാന്യമായി പെരുമാറിയിരുന്നെങ്കിലും പതുക്കെ നിമിഷയോടുള്ള പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിത്തുടങ്ങി. മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താൻ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിക്കുകയും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും പിന്നീട് ഭീക്ഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. പാസ്പോർട്ട് കൈക്കലാക്കുകയും, ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവനും സ്വന്തമാക്കുകയും ചെയ്തു. അതുകൂടാതെ നിമിഷപ്രിയയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഇയാള്‍ നിമിഷപ്രിയയുടെ പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ള രേഖകളെല്ലാം കൈക്കലാക്കിയിരുന്നു.
വേറെ വഴിയില്ല, തന്റെ ജീവൻ തന്നെ അപകടത്തിലാകും എന്ന ഘട്ടത്തിലാണ് നിമിഷ തലാല്‍ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത്. ഒരു ദിവസം മയക്കിക്കിടത്തുക എന്ന ഉദ്ദേശത്തോടെ അനസ്തേഷ്യക്കുള്ള കെറ്റാമൈൻ മരുന്നു നൽകി. സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും തലാല്‍ മഹ്ദിയില്‍ നിന്നും നിമിഷപ്രിയ കണ്ടെടുത്തു. പക്ഷെ ഉറക്കാന്‍ നല്‍കിയ മരുന്നിന്റെ ഡോസ് കൂടിപ്പോയതുകൊണ്ട് ഉണര്‍ന്നില്ല. ഇതോടെ ഒപ്പം ജോലി ചെയ്തിരുന്ന യെമൻ സ്വദേശിയായ നഴ്സ് ഹനാനുമായി ചേർന്നു തലാല്‍ മെഹ്ദിയെ കൊലപ്പെടുത്തി. മൃതദേഹം നശിപ്പിക്കാൻ മാർഗങ്ങളില്ലാതെ വന്നപ്പോൾ കഷ്ണങ്ങളാക്കി മുറിച്ച പ്ലാസ്റ്റിക് കവറുകളിൽ ആക്കിയ ശേഷം വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. ശേഷം അവിടെ നിന്നും സ്ഥലം വിട്ട് നിമിഷപ്രിയ 200 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ ജോലിക്ക് ചേർന്നു.തലാലിന്റെ കുടുംബം സമ്പന്നകുടുംബമാണെന്ന് പറയുന്നു.
ഇതിനിടെ തലാലിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചിത്. സംഭവത്തിനുശേഷം നിമിഷയുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു, അത് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് യെമനിലെ പ്രാദേശിക കോടതി നിമിഷപ്രിയയുടെ കേസില്‍ വാദം കേള്‍ക്കാന്‍ തുടങ്ങി. 2020ല്‍ യെമനിലെ പ്രാദേശിക കോടതിയാണ് നിമിഷപ്രിയയ്‌ക്ക് ആദ്യമായി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കുടുംബം യെമനിലെ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ 2023ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: