‘സഹകാര്‍ സേ സമൃദ്ധി’ സഹകരണത്തിലൂടെ സമൃദ്ധിയും വളര്‍ച്ചയും എന്ന ലക്ഷ്യംവെച്ച് രാജ്യത്തെ വിവിധ സഹകരണ സംഘങ്ങളിലൂടെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാരും എന്‍സിഡിസി, നബാര്‍ഡ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും. 2047 ഓടെ വികസിത രാജ്യമാകണം എന്ന ലക്ഷ്യത്തോടെ സഹകരണരംഗത്ത് പ്രത്യേകിച്ച് പിഎസിഎസ് (പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റി) എന്ന പേരിലറിയപ്പെടുന്ന സര്‍വീസ് സഹകരണ സംഘങ്ങളിലൂടെ വ്യാപകമായ പരിഷ്‌കരണങ്ങളാണ് ഈ ഏജന്‍സികളിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
അതില്‍ ഏറ്റവും പുതുമയുള്ളതും വികസനോന്മുഖമായ പദ്ധതിയാണ് ഭക്ഷ്യസംഭരണവും ഗ്രാമീണ ശാക്തീകരണവും ലക്ഷ്യമാക്കുന്ന പ്രധാനമന്ത്രി അന്നഭണ്ഡാര്‍ യോജന. രാജ്യത്ത് ഏകദേശം 33 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഒരു വര്‍ഷം ഉല്‍പാദിപ്പിക്കപ്പെടുന്നത്. സംഭരണ ശേഷിയാകട്ടെ പകുതിയില്‍ താഴെ (ഏകദേശം 14 കോടി ടണ്‍). 19 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ശരിയാംവിധം സംഭരിച്ചുവെക്കാന്‍ സംവിധാനമില്ല എന്നര്‍ത്ഥം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 430ല്‍ പരം ജില്ലകളില്‍ സംഭരണത്തിന് ഇന്നും വലിയ കുറവാണുള്ളത്. ഇതുമൂലം കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ ശരിയാംവിധം സംഭരിക്കാനാവാതെ കഷ്ടപ്പെടുന്നു. ഈ ജില്ലകളില്‍ പൊതുവിതരണ സംവിധാനത്തിന്റെ (പിഡിഎസ്) ആവശ്യകതയ്‌ക്ക് തുല്യമായ ധാന്യസംഭരണം പോലുമില്ല. അതേസമയം ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം മൊത്തം ആവശ്യകതയേക്കാള്‍ കൂടുതലുമാണ്. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്‌ട്രയും വരെ സംഭരണശേഷി കുറവ് അനുഭവിച്ചു വരുന്നു.
ശരിയായ സംഭരണ ക്രമീകരണങ്ങളുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ വെറും വിലയ്‌ക്ക് വില്‍ക്കുന്നതില്‍ നിന്ന് മോചനം ലഭിക്കും. കൂടാതെ കീടങ്ങള്‍ കാരണം ധാന്യങ്ങള്‍ കേടാകുന്നത് തടയാനും സ്ഥിരമായ ഭക്ഷ്യവിതരണം ഉറപ്പിക്കാനും കഴിയും. ഇത്തരം സംഭരണികള്‍ ഗ്രാമീണ മേഖലയില്‍ ഉയര്‍ന്നു വരുന്നത് ഗതാഗതച്ചിലവ് കുറയ്‌ക്കുകയും ഗ്രാമീണര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. വിളവെടുപ്പ് ഗ്രാമങ്ങളിലും സംഭരണം നഗരങ്ങളിലും എന്ന പഴയ രീതിയില്‍ നിന്ന് ഗ്രാമീണര്‍ക്ക് മാറുവാനും കഴിയും. ഇതുമൂലം ഇരട്ടിയാകുന്ന ഗതാഗത ചെലവ് ഇല്ലാതാക്കുകയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥക്കും സഹകരണാടിസ്ഥാനത്തില്‍ നിലവില്‍ വരുന്ന സംരംഭങ്ങള്‍ക്കും ഗുണകരമാകും.
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില നല്‍കുക, ഗതാഗതച്ചിലവ് കുറയ്‌ക്കുക, ഗ്രാമപ്രദേശങ്ങളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ഗ്രാമീണ ശാക്തീകരണ ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സഹകരണ മന്ത്രാലയം പിഎസിഎസുകള്‍ക്ക് നല്‍കിയിട്ടുള്ളത്.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെ വികസിത രാഷ്‌ട്രം എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 2023 മെയില്‍ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിരിക്കുകയാണ്. 8 കോടി ടണ്‍ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സഹകരണമേഖല പ്രത്യേകിച്ച് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്.
വികേന്ദ്രീകൃത സംഭരണശാലകള്‍, പ്രൊസസിങ് യൂണിറ്റുകള്‍, തരംതിരിക്കല്‍, ഗ്രേഡിങ് സൗകര്യങ്ങള്‍, കോള്‍ഡ് സ്റ്റോറേജ്, പായ്‌ക്ക് ഹൗസുകള്‍ തുടങ്ങിയ വിവിധ കാര്‍ഷിക അടിസ്ഥാനസൗകര്യങ്ങള്‍ പിഎസിഎസ് തലത്തില്‍ സൃഷ്ടിക്കുന്നതിന് ഇത് വ്യവസ്ഥ ചെയ്യുന്നു. പ്രാദേശിക, ഗ്രാമീണ സംഭരണം പ്രാപ്തമാക്കുന്നതിലൂടെ ഗതാഗത, വിതരണ വെല്ലുവിളികള്‍ പരിഹരിക്കുക മാത്രമല്ല പിഎസിഎസിനെ കാര്‍ഷിക, വിപണന, സംഭരണ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് കര്‍ഷകര്‍ക്ക് സംഭരണ സൗകര്യങ്ങളിലേക്ക് നേരിട്ട് പ്രവേശനം ഉറപ്പാക്കുകയും അതുവഴി ഇടനിലക്കാരെ ആശ്രയിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും. വികസനം സഹകരണ മേഖലയിലൂടെ നടപ്പിലാക്കി ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി ഒരു വികസിത രാഷ്‌ട്രമായി ഭാരതത്തെ മാറ്റുമെന്ന വിദൂര ലക്ഷ്യവും സഹകരണ മന്ത്രാലയം പ്രതീക്ഷിക്കുന്നു.
അന്നഭണ്ഡാര്‍ യോജന ഇതുവരെ
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി രാജ്യത്തിന്റെ എല്ലാ കോണുകളിലും ആയിരക്കണക്കിന് സംഭരണശാലകള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. ആദ്യഘട്ടത്തില്‍ 24 സംസ്ഥാനങ്ങളിലെ 24 ജില്ലകളില്‍ നിന്നുള്ള 24 പിഎസിഎസുകളെയാണ് പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 പിഎസിഎസുകള്‍ ഇതിനകം സംഭരണശാലകള്‍ ആരംഭിച്ചു. ഇവയില്‍ ധാന്യസംഭരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. രാജ്യത്തെ പ്രധാന സംഭരണ ഏജന്‍സികളുമായി സഹകരിച്ചാണ് പ്രധാനമന്ത്രി അന്ന ഭണ്ഡാര്‍ യോജന പദ്ധതി നടപ്പിലാക്കുന്നത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ), സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ (സിഡബ്ല്യുഎസ്), സംസ്ഥാന വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക തരത്തിലാണ് സംഭരണശാലകളുടെ നിര്‍മ്മാണം. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, നബാര്‍ഡ്, നബാര്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയുമായി സഹകരിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അസം, തെലങ്കാന, ത്രിപുര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 പിഎസിഎസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ 9750 ടണ്‍ മൊത്തം സംഭരണശേഷി സൃഷ്ടിച്ചു. പൈലറ്റ് പദ്ധതിയുടെ വിജയത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ 575 പിഎസിഎസുകളെ കൂടി അധികമായി കണ്ടെത്തി. ഇതില്‍ 500 പിഎസിഎസുകള്‍ക്ക് നിര്‍മാണ അനുമതി ലഭിച്ചു.
2047 ഓടെ ഭാരത ജനസംഖ്യ ഏകദേശം 160 കോടിയായി ഉയരാനാണ് സാദ്ധ്യത. ഇതിന് മതിയായ രീതിയില്‍ ഭക്ഷ്യ ഉല്‍പാദനവും സംഭരണവും ആവശ്യമാണ്. കേന്ദ്രസര്‍ക്കാരും ഭക്ഷ്യമന്ത്രാലയവും ലക്ഷ്യമിടുന്നത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 7 കോടി ടണ്‍ ഭക്ഷ്യധാന്യ സംഭരണശേഷി വര്‍ദ്ധിപ്പിക്കണം എന്നതാണ്. ഈ ദിശയില്‍ സഹകരണ മേഖലയില്‍നിന്ന് കൂടുതല്‍ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തികൊണ്ട് ഒരു പുതിയ ദിശാബോധം നല്‍കുകയാണ് കേന്ദ്രസഹകരണ മന്ത്രാലയം. കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട ലളിതമായ സംവിധാനത്തെ ഒരു വലിയ വ്യാവസായിക ശക്തിയാക്കി സഹകരണത്തിന് മാറ്റാന്‍ കഴിയും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രത്യേകിച്ച് കൃഷിയേയും ഗ്രാമീണ സമ്പദ് വ്യവസ്ഥയേയും പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു യഥാര്‍ത്ഥ മാര്‍ഗമാണിത്. രാജ്യം സ്വീകരിച്ച ‘സഹകാര്‍ സേ സമൃദ്ധി’ കൈവരിക്കുന്നതിനുള്ള ഒരു വലിയ ചുവടു വയ്പാണ് പ്രധാനമന്ത്രി അന്ന ഭണ്ഡാര്‍ യോജന. ഇതിന്റെ കീഴില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ആയിരക്കണക്കിന് വെയര്‍ഹൗസുകള്‍ സഹകരണമേഖലയില്‍ നിര്‍മിക്കപ്പെടും.
സഹകരണ മേഖലയിലെ പിഎസിഎസുകളുമായി സഹകരിച്ചാണ് എന്‍ബിസിസി (ചമശേീിമഹ ആൗശഹറശിഴ ഇീിേെൃൗരശേീി ഇീൃുീൃമശേീി) ഗ്രാമീണ സംഭരണശാലകള്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതിനകം 200 ലധികം ധാരണാപത്രങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ പിഎസിഎസുകളുമായി എന്‍ബിസിസി ഒപ്പിട്ടിട്ടുണ്ട്. പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍ എന്നുവേണ്ട കോഴിമുട്ട വരെ ഇത്തരം സംഭരണശാലകള്‍ ഫലപ്രദമായി സൂക്ഷിക്കും. ഒരു വലിയ സംഭരണ വിപ്ലവമാണ് ഭാരതത്തില്‍ വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ കാണാന്‍ പോകുന്നത്.
കേരളവും പ്രധാനമന്ത്രി അന്നഭണ്ഡാര്‍ യോജനയും
പതിവുപോലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായതിനാലും ശക്തമായ നിരീക്ഷണ പാടവം സഹകരണ മന്ത്രാലയം നടത്തുന്നതിനാലും കേരളം ഈ യോജനയില്‍ വേണ്ടത്ര താല്‍പര്യം പ്രകടപ്പിച്ചിട്ടില്ല. സഹകരണ മന്ത്രാലയം നടപ്പിലാക്കുന്ന സഹകരണ പരിഷ്‌കരണ ധാരണാപത്രത്തില്‍ ഒപ്പിടാത്ത കാരണം കേരളം സഹകരണ മേഖലയെ പിന്നോട്ട് വലിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു നല്ല സഹകരണ വികസനത്തിനായി കേരളം ഇനിയും കാത്തിരിക്കേണ്ടിവരും.
(സഹകാര്‍ ഭാരതി ദേശീയ സഹസമ്പര്‍ക്കപ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: