ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിചിത്രത്താഴ് . നാഗവല്ലിയുടെയും സണ്ണിയുടെയും നകുലന്റെയുമെല്ലാം ഓരോ ഡയലോഗും കാണാപാഠമാണ് മലയാളികൾക്ക് . മറ്റ് ഭാഷകളിൽ മണിചിത്രത്താഴ് റീമേക്ക് ചെയ്തെങ്കിലും ശോഭനയോട് കിടപിടിക്കുന്ന അഭിനയം കാഴ്‌ച്ച വയ്‌ക്കാൻ മറ്റ് നടിമാർക്ക് കഴിഞ്ഞില്ല .
തമിഴിൽ ചന്ദ്രമുഖി എന്ന പേരിൽ ചിത്രം പുറത്തിറങ്ങിയപ്പോൾ ചന്ദ്രമുഖിയായി എത്തിയത് നടി ജ്യോതികയാണ് . എന്നാൽ ജ്യോതിക ചന്ദ്രമുഖിയായി അഭിനയിക്കുമെന്ന് തുടക്കത്തിൽ തനിക്ക് ഉറപ്പില്ലായിരുന്നുവെന്നാണ് ഒപ്പം അഭിനയിച്ച രജനികാന്ത് പറയുന്നത് .
“ഈ ഘട്ടത്തിൽ ഐശ്വര്യ റായിയെ പരാമർശിക്കേണ്ടതുണ്ട്, പലരും കരുതുന്നത് അവരെ സിനിമകളിൽ ഉൾപ്പെടുത്തുന്നത് എനിക്ക് അവരോടൊപ്പം നൃത്തം ചെയ്യാൻ വേണ്ടി മാത്രമാണെന്നാണ്. എന്നാൽ പടയപ്പിലെ നീലാംബരി എന്ന കഥാപാത്രത്തെ ഐശ്വര്യയ്‌ക്ക് അവതരിപ്പിക്കാൻ കഴിയില്ല. ചന്ദ്രമുഖിയിൽ ജ്യോതിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനും അവർക്ക് കഴിയില്ല. എന്തിരനിൽ ഐശ്വര്യ റായ് അഭിനയിച്ചത് ആ കഥാപാത്രം അങ്ങനെയായിരുന്നതുകൊണ്ടാണ്. ജ്യോതികയ്‌ക്ക് ചന്ദ്രമുഖിയോടുള്ള പ്രണയവും ഞാൻ പറയേണ്ടതുണ്ട്, അവർ ചന്ദ്രമുഖിയായി അഭിനയിക്കുമെന്ന് തുടക്കത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു.
കാരണം ഞാൻ ഇതുവരെ സിനിമകളിൽ ജ്യോതികയെ ഒരു സീരിയസ് റോളിൽ കണ്ടിട്ടില്ല. ചന്ദ്രമുഖിയിൽ ആ കഥാപാത്രമാണ് പ്രധാന വേഷം, ആ വേഷം ഒരു കയറിൽ നടക്കുന്നത് പോലെയാണ്. ആ കയറാണ് ചന്ദ്രമുഖി. പക്ഷേ ആ സിനിമയുടെ ആദ്യ ദിവസം, അവർ അഭിനയിക്കുന്നതും സംസാരിക്കുന്നതും കണ്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു. അതിനുശേഷം, ചന്ദ്രമുഖി വിജയിക്കുമെന്ന് ഞാൻ സംവിധായകൻ പി. വാസുവിനോട് പറഞ്ഞു, ജ്യോതികയുടെ അഭിനയത്തെക്കുറിച്ച് നടൻ രജനീകാന്ത് തുറന്നു പറഞ്ഞത് ഇപ്പോൾ ഏറെ വൈറലായിരിക്കുകയാണ് .
















