കാച്ചെണ്ണ കൈയില്‍ പകരുന്ന നേരത്ത്
നോക്കി ഞാന്‍ ഉണ്ണി തന്‍ കൂന്തല്‍ ഭംഗി
അളകങ്ങള്‍ ഒളി പാറും നെറ്റിത്തടത്തില്‍
അറിയാതെ മുത്തം കൊടുത്ത നേരം
ഒളികണ്ണ് കൊണ്ടവന്‍ പതിയെ പറഞ്ഞു
ചെറുതല്ല ഞാനമ്മേ മുത്തം വാങ്ങാന്‍
ചിറകു വിരിച്ചു പറക്കുന്ന കാലത്തിന്‍
ഗതിവേഗം ഒന്നുമറിഞ്ഞില്ല ഞാന്‍
കുഞ്ഞായ് കളിച്ചതും ചേറില്‍ ഉരുണ്ടതും
ചെഞ്ചോരി വായ് മുകളില്‍ കരിനിഴല്‍ വീണതും
ഇന്ന് നീ എന്‍ മുന്നില്‍ എണ്ണക്ക് കൈ നീട്ടി
കള്ളച്ചിരിയോടെ കാത്തു നില്‍കുമ്പോള്‍
ഞാനറിഞ്ഞില്ല നീ യുവാവായതും നിന്റെ
കണ്‍കോണില്‍ സ്വപ്‌നം വിരിഞ്ഞതും.
പതിവുകള്‍ തെറ്റിച്ചിന്നലെ വന്നെന്റെ മടിയില്‍
കിടന്നെന്നെ നോക്കിടുമ്പോള്‍
സ്‌നേഹതീരത്തെങ്ങോവെച്ചു മറന്നൊരാ
ഓലക്കുട വീണ്ടും ഞാന്‍ തിരഞ്ഞു
മെല്ലെത്തഴുകി ഞാന്‍ നിന്റെ നെറ്റിത്തടം
മാടി ഒതുക്കി നിന്‍ അഴകുള്ള കൂന്തല്‍
ശോകം ഒളിപ്പിച്ച കണ്‍കോണിലപ്പോഴും
എന്തോ പറയുവാന്‍ വെമ്പി നില്‍ക്കെ
പണ്ട് കൗസല്യ ചോദിച്ചതോര്‍ത്തു ഞാന്‍
എന്തെന്‍ മകനേ നിന്‍ മുഖം വാടുവാന്‍
സമയമില്ലമ്മേ പോകുവാന്‍ നേരമായ്
ഇന്നേരം നാളെ ഞാന്‍ ഇവിടില്ല പോകും
ഒരുപാടുയരങ്ങള്‍ കീഴടക്കാനുണ്ടി
നിയും പരീക്ഷകള്‍ ബാക്കിയുണ്ട്.
പിന്നെയേതോ ഉള്‍വിളിയാല്‍ നീ
യാത്ര ചോദിക്കാതെ പടിയിറങ്ങിയ സന്ധ്യയില്‍
അമ്മ ഓര്‍ത്തില്ല എന്‍ മകനേ, കുഞ്ഞേ
സായന്തനത്തിന്‍ ചെഞ്ചോര വീണൊരാ ആറ്റുതീരം
നിന്നെ മെല്ലെ പുണര്‍ന്നതും ഈ ജന്മത്തില്‍
കടം വരുത്താതെ നീ പൂര്‍വ്വ കര്‍മ്മത്തിന്‍
കണക്കുകള്‍ തീര്‍ത്തതും.
പൂര്‍ത്തിയാക്കാതെ നീ വായിച്ചു നിര്‍ത്തിയ
‘പരാജിതരുടെ കഥ’ താളുകള്‍ മറിയുമ്പോള്‍
ഈ ചെറു വിരാമമാം മരണത്തിനപ്പുറം
നീ പുനര്‍ ജനിക്കുന്നതും കാത്ത് നിന്റെ
മോഹങ്ങള്‍ നെഞ്ചേറ്റി നില്‍പ്പൂ ഞാന്‍
എന്നും ത്രിസന്ധ്യയില്‍ നീ പോയ നേരത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: