പള്ളുരുത്തി (കൊച്ചി): കുമരകത്തിന്റെ ഓളപരപ്പില്‍ ഇനി ചെല്ലാനത്തുകാരന്‍ ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം കുതിക്കും. 95 അടി നീളമുള്ള ചുണ്ടനില്‍ 57 പേര്‍ക്ക് ഒരേസമയം തുഴയാമെന്ന് ജോണ്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ജോണ്‍ മറ്റൊരു ചുണ്ടന്‍ വള്ളവും നിര്‍മിച്ചിരുന്നു. ആഞ്ഞിലിയും ഫൈബര്‍ ഗ്ലാസും കൊണ്ടാണ് ഇദ്ദേഹം വള്ളം നിര്‍മിച്ചത്. തന്റെ രണ്ടാം പരീക്ഷണവും വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.
ചെല്ലാനം കമ്പനിപ്പടിക്കടുത്ത് സ്വന്തം വീട്ടുവളപ്പില്‍ വച്ചാണ് ജോണ്‍ ഈ വള്ളം ഒരുക്കിയെടുത്തത്. 40 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായി. കുമരകത്തുള്ള സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണ് വള്ളം നിര്‍മിച്ചിരിക്കുന്നത്. ആധുനിക രീതിയിലാണ് വള്ളത്തിന്റെ അകവശം നിര്‍മിച്ചത്. വള്ളത്തിനകത്ത് പ്രത്യേകം വായു അറകളുണ്ടാക്കി. അതില്‍ കാറ്റ് നിറയ്‌ക്കാനുള്ള സംവിധാനവും ഒരുക്കി. വള്ളം മറിഞ്ഞാലും മുങ്ങിപ്പോകാതിരിക്കാനുള്ള മുന്‍കരുതലാണിത്. നൂറ് ശതമാനം സൂക്ഷ്മതയോടെയാണ് വള്ളം നീറ്റിലിറങ്ങുന്നത്.
മരം കൊണ്ട് ചെറിയ ചുണ്ടന്‍വള്ളം നിര്‍മിക്കുന്നതിന് 50 ലക്ഷത്തിലധികം രൂപ വേണം. ഫൈബറിലാകുമ്പോള്‍ അതിന്റെ മൂന്നിലൊന്ന് മതിയാകും. അതുകൊണ്ടാണ് വള്ളം പണി ഫൈബറിലേക്ക് മാറ്റുന്നതെന്ന് ജോണ്‍ പറയുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി മരം കൊണ്ടുള്ള വള്ളം പണിയുന്നയാളാണ് ജോണ്‍. വള്ളപ്പണിക്കായി പലയിടങ്ങളും സഞ്ചരിച്ചിട്ടുണ്ട്. 12-ാം വയസില്‍ വള്ളങ്ങളുടെ പണിക്കിറങ്ങിയതാണ്. ഫൈബര്‍ ഉപയോഗിച്ച് ജോണ്‍ പണിയുന്ന രണ്ടാമത്തെ ചുണ്ടന്‍ വള്ളമാണിത്. അഞ്ച് പണിക്കാര്‍ കൂടി ജോണിനൊപ്പമുണ്ട്. പണി പൂര്‍ത്തിയായ ചുണ്ടന്‍വള്ളം കഴിഞ്ഞദിവസം കുമരകത്തേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: