കൊച്ചി : സ്കൂൾ സമയമാറ്റത്തിൽ സമുദായ സംഘടനകൾ സർക്കാരിനെ വിരട്ടേണ്ടതില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തോടെ സമസ്തയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാവുന്നു. രാവിലത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകുന്നേരം അരമണിക്കൂർ അധിക ക്ലാസ്സ് എന്ന ഫോർമുലയാണ് സമസ്ത മുന്നോട്ടുവയ്‌ക്കുന്നത്.
‘സമയം എല്ലാവര്‍ക്കും കണ്ടെത്താമല്ലോ. നമ്മള്‍ സമയം കണ്ടെത്തുകയെന്ന് പറഞ്ഞാല്‍ ആകെ 24 മണിക്കൂറല്ലേയുള്ളൂ. മറുപടികള്‍ മാന്യമായിരിക്കണം ആരായാലും. നിലപാട് അംഗീകരിക്കില്ലായെന്നെല്ലാം ആര്‍ക്കും പറയാമല്ലോ. ആ ചെയ്തി ശരിയല്ല. സമുദായങ്ങള്‍ അല്ലേ സര്‍ക്കാരിന് വോട്ട് ചെയ്തത്. സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി നോക്കാനല്ലേ മന്ത്രിസഭ. ഞങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിക്കാണ് നിവേദനം കൊടുത്തത്. അദ്ദേഹം പറയട്ടെ’, സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ പറഞ്ഞു.
ഉറങ്ങുന്ന സമയത്ത് ആക്കണോ മദ്രസയെന്നും ജിഫ്രി തങ്ങള്‍ ചോദിച്ചു. മന്ത്രിയെന്താണ് ഇക്കാര്യത്തില്‍ വാശിപോലെ പ്രതികരിക്കുന്നത്. ആലോചിച്ച് തീരുമാനിക്കാമെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഭാഷയില്‍ വ്യത്യാസം ഉണ്ടാവാം. മനുഷ്യരല്ലേ. കടുംപ്പിടിത്തം പാടില്ലയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
എന്നാൽ സമസ്ത മദ്രസ പഠനം 15 മിനിറ്റ് വെട്ടി ചുരുക്കട്ടെ എന്നാണ് സർക്കാർ നിലപാട്. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം സൗജന്യം കൊടുക്കാനാകില്ലെന്നും അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലതെന്നും വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു.
സർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്കൂൾ സമയം മാറ്റിയത് മദ്രസ വിദ്യാഭ്യാസത്തിന് തടസമുണ്ടാകുമെന്നാരോപിച്ച് സമസ്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഈ പ്രതികരണത്തിനെതിരെയാണ് സമസ്ത രംഗത്തെത്തിയിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: