കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ആഘോഷത്തിന്റെ ദിനമാണിത്. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കപ്പെടുകയാണ്. വികസിത കേരളം എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരാന്‍ തലസ്ഥാന നഗരമധ്യത്തിലെ മാരാര്‍ജി ഭവന് സാധിക്കും. ബിജെപിയുടെ മുന്‍കാല നേതാക്കളും പ്രവര്‍ത്തകരും വീരബലിദാനികളും നല്‍കിയ സമര്‍പ്പണം കൂടിയാണ് പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചയുടെ അടിസ്ഥാനം. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്‌ക്കുന്ന വികസിത ഭാരതം എന്ന ലക്ഷ്യത്തിനൊപ്പം നമുക്ക് അണിചേരാം. വികസിത കേരളത്തിനായി ഒറ്റക്കെട്ടായി കഠിനാധ്വാനം ചെയ്യാം.
ബിജെപി ഓഫീസുകള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മാത്രം കേന്ദ്രങ്ങള്‍ അല്ല എന്നതാണ് ബിജെപിയുടെ നയം. സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയുള്ള സേവന കേന്ദ്രം കൂടിയാണ് ഓരോ ബിജെപി ഓഫീസും. യഥാര്‍ത്ഥത്തില്‍ അവയെല്ലാം ഹെല്‍പ്പ് ഡെസ്‌കുകള്‍ ആണ്. നാടിന്റെ പുരോഗതി, വികസനം എന്നിവ പ്രതിഫലിക്കുന്നത് ഏറ്റവും താഴെത്തട്ടിലുള്ള പൗരനുപോലും അതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചു തുടങ്ങുമ്പോഴാണ്. അതിനായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളാണ് ബിജെപി ഓഫീസുകള്‍.
വികസിത കേരളം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും സര്‍ക്കാര്‍ ഭരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കണം. അതിന് ആദ്യം വേണ്ടത് നാടിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ്. നിലവില്‍ നരേന്ദ്രമോദിജി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം ബിജെപി ഓഫീസുകള്‍ വഴി നടപ്പിലാക്കും. അതോടൊപ്പം കേരളത്തില്‍ മോദിജിയുടെ വികസന നയം നടപ്പിലാക്കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ഈ ഓഫീസുകള്‍ ഊര്‍ജം നല്‍കും. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും 2026ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം മാറ്റിവരയ്‌ക്കുന്നതാണ്. വികസന രാഷ്‌ട്രീയത്തിന് അനുകൂലമായി കേരളം മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ആ ചിന്തയ്‌ക്ക് കരുത്ത് പകരുന്ന കേന്ദ്രങ്ങളാണ് ബി.ജെ.പി ഓഫീസുകള്‍.
കേരളത്തില്‍ വികസന രാഷ്‌ട്രീയം മുന്നോട്ട് വച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരേയൊരു രാഷ്‌ട്രീയ പാര്‍ട്ടി ബിജെപി മാത്രമാണ്. ബിജെപിയുടെ രാഷ്‌ട്രീയം വികസനത്തില്‍ അടിസ്ഥാനപ്പെടുത്തിയതാണ്. കേരളത്തെ പതിറ്റാണ്ടുകള്‍ മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ ഇവിടുത്തെ ജനങ്ങളോട് ചെയ്തത് കൊടും വഞ്ചനയാണ്, വോട്ടു ബാങ്കിന് വേണ്ടിയുള്ള പ്രീണനവും അഴിമതിയും ഇന്ന് ഈ സംസ്ഥാനത്തെ അപകടകരമായ രാഷ്‌ട്രീയത്തിലേക്ക് തള്ളി വിട്ടു. ഭീകരവാദ സംഘടനകളെ പോലും മുഖ്യധാരയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുവരികയാണ് ഇരു കൂട്ടരും.
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം തുടങ്ങി സമസ്ത മേഖലകളിലും കേരളം തകര്‍ന്നടിഞ്ഞു. ഇതിന് പരിഹാരം കാണുന്നതിനു പകരം പ്രീണന രാഷ്‌ട്രീയത്തിലൂടെ വോട്ടുറപ്പിച്ചു ഭരണം നേടാനും തുടരാനുമാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്. വ്യവസായികള്‍ കേരളത്തിലേക്ക് തിരിഞ്ഞുനോക്കാതെയായി. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നാടുവിടുന്നു. യുവാക്കള്‍ തൊഴില്‍ രഹിതരായി കേരളം വിട്ടുപോകുന്നു. ഏറ്റവും കൂടുതല്‍ വിലക്കയറ്റം നേരിടുന്ന സംസ്ഥാനമായി കേരളം മാറുന്നു. ഇടതുവലതു മുന്നണികളുടെ പരസ്പര സഹകരണത്തോടെയുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയം, ആ പഴകി ദ്രവിച്ച അപകട രാഷ്‌ട്രീയത്തിന്റെ ഫലമാണ് ഇതെല്ലാം.
വികസന മുരടിപ്പില്‍ തളച്ചിടുന്ന കാലം കഴിഞ്ഞു. ഇനി കേരളത്തിന് വേണ്ടത് ബിജെപി മുന്നോട്ടുവെക്കുന്ന വികസിത രാഷ്‌ട്രീയമാണ്. കഴിഞ്ഞ 10 വര്‍ഷം ഭാരതത്തിനുണ്ടായ മാറ്റം ലോകരാജ്യങ്ങള്‍ പോലും അംഗീകരിക്കുന്നതാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭാരതത്തെ എല്ലാ രംഗത്തും തകര്‍ത്തിരുന്നു. അവിടെ നിന്നാണ് ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി നമ്മുടെ നാട് മാറിയത്. അതിനു കാരണം ഇച്ഛാശക്തിയുള്ള, നാടിന്റെ പുരോഗതി സ്വപ്‌നം കാണുന്ന ഒരു ഭരണതുടര്‍ച്ചയാണ്.
നരേന്ദ്രമോദി സര്‍ക്കാരിന് ജനങ്ങള്‍ മൂന്നാമതും ഭൂരിപക്ഷം നല്‍കിയതും നാടിന്റെ പുരോഗതി നേരില്‍ കണ്ടിട്ടാണ്. ആ മാറ്റമാണ് കേരളത്തിലും വരേണ്ടത്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പല ജനകീയ പദ്ധതികളും കേരളത്തിലെ ജനങ്ങള്‍ക്ക് അന്യമാണ്. കേന്ദ്രം നടപ്പാക്കുന്ന പദ്ധതികള്‍ പലതും പേരുമാറ്റി പുതിയ സ്റ്റിക്കര്‍ ഒട്ടിച്ച് കേരളത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ശരിയായി നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ ആ കേന്ദ്ര പദ്ധതികളുടെ പൂര്‍ണമായ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നുമില്ല.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുടെ പരിഹാരമാണ് കേരളത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ എത്തുക എന്നത്. ആ ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതാണ് ബിജെപിയുടെ ഓരോ ഓഫീസും. നമ്മുടെ മാരാര്‍ജി ഭവന്‍ കേരളത്തിന്റെ രാഷ്‌ട്രീയ മാറ്റത്തിന് ശക്തമായ അടിത്തറയായി പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: