കൊല്ലം: ഷാര്‍ജ അല്‍ നഹ്ദയില്‍ ഒന്നര വയസുകാരിയായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്.
നോട്ട്ബുക്കിലെ ആറ് പേജുകളില്‍ എഴുതിയ ദീര്‍ഘമായ കത്ത് ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഭര്‍ത്താവ് നിതീഷ് മോഹന്‍ കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. എന്നാല്‍, അതിന് മുന്‍പ് കത്ത് ഡൗണ്‍ലോഡ് ചെയ്തതിനാല്‍ തെളിവായി സൂക്ഷിക്കുന്നുവെന്ന് വിപഞ്ചികയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിതീഷിനും അയാളുടെ പിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍. അച്ഛന്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. അതിനു പകരം എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായിരുന്നു മറുപടി. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പില്‍ വെളിപ്പെടുത്തുന്നു.
കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്തു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. കുഞ്ഞിനെ ഓര്‍ത്ത് തന്നെ വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ല. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി. അവളുടെ പേരും പറഞ്ഞ് ഗര്‍ഭിണിയായിരുന്ന എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു.
ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവര്‍ക്ക് ഒരു മാനസികരോഗിയാക്കണം. എന്റെ കൂട്ടുകാര്‍ക്കും ഓഫീസിലുള്ളവര്‍ക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കൊട്ടാക്കര സ്വദേശിനിയും ഷാര്‍ജയില്‍ എച്ച്ആര്‍ മാനേജറുമായ വിപഞ്ചിക മണിയനും (33) മകള്‍ ഒന്നരവയസുകാരി വൈഭവിയും ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. ഭര്‍ത്താവ് നീതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്‍ ഷാര്‍ജയില്‍ എഞ്ചിനീയറാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഷൈലജ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിരിക്കുന്നത്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഭര്‍തൃവീട്ടുകാരുടെ പങ്ക് വ്യക്തമാക്കുന്ന വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: