തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ കെ.ജി. മാരാർഭവൻ കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രിയും മുൻ പാർട്ടി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ ഉദ്ഘാടനം ചെയ്തു. പ്രൗഢമായ ബഹുനിലക്കെട്ടിടത്തിന്റെ മുന്നിലെ കൂറ്റൻ കൊടിമരത്തിൽ പാർട്ടി പതാകയുയർയത്തി ഉദ്ഘാടന പരിപാടികർൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കാര്യാലയത്തിന്റെ അങ്കണത്തിൽ കേരളത്തിന്റെ വൃക്ഷമായ കണിക്കൊന്ന നട്ടു. കെട്ടിടത്തിന് മുന്നിലെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു അടുത്ത ചടങ്ങ്.
കാര്യാലയത്തിന്റെ മുഖ്യകവാടത്തിലെ നാടമുറിച്ച് അകത്തു കടന്ന അദ്ദേഹം നടുത്തളത്തിൽ നിലവിളക്ക് കൊളുത്തി. പിന്നീട് പണ്ഡിറ്റ് ദീനദയാൽജിയുടെയും ഡോ. ശ്യാമപ്രസാദ് മുഖർജിയുടെയും പ്രതിമയിൽ അർച്ചനയും ഹാരാർപ്പണവും നടത്തി.
പ്രവേശന കവാടത്തിൽ നിർമ്മിച്ച താമരപ്പൊയ്കയിൽ സ്ഥാപിച്ചിട്ടുള്ള കെ.ജി. മാരാരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മുതിർന്ന നേതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഓഫീസിലെ അഞ്ചുനിലകളിലും കയറിയിറങ്ങി സംവിധാനങ്ങളും ഒരുക്കങ്ങളും അവലോകനം ചെയ്ത ശേഷം അദ്ദേഹം പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തക സമ്മേളനത്തെ അഭിസംബോധനചെയ്യാൻ അദ്ദേഹം തിരിച്ചു.
കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അദ്ധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, സി.കെ. പദ്മനാഭൻ, മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള ആർഎസ്സ്എസ്സ് മുതിർന്ന ഭാരവാഹികളായ എസ്. സേതുമാധവൻ, എം.രാധാകൃഷ്ണൻ, ആർ. സഞ്ജയൻ തുടങ്ങിയ പ്രമുഖരും ഒട്ടേറെ മുതിർന്ന പ്രവർത്തകരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് ആഘോഷമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: