രാജ്യത്തെ ഞെട്ടിച്ച് ജൂൺ 12ന് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്ന് 260 പേരാണു മരിച്ചത്.എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയി എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ വിമാനത്തിന് പറന്നുയരാൻ ശക്തി ലഭിച്ചില്ല. എഎഐബിയുടെ 15 പേജുള്ള റിപ്പോർട്ടിൽ അപകടത്തിലേക്ക് നയിച്ച പ്രധാന സാങ്കേതിക സംഭവങ്ങളും കോക്ക്പിറ്റ് സംഭാഷണങ്ങളും കാണിക്കുന്നുണ്ട്. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാൾ മറുപടിയും പറയുന്നു.
ഏതു പൈലറ്റാണ് ഇത്തരത്തിൽ മറുപടി പറഞ്ഞതെന്നു വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇൻ കമാൻഡിന്റെ നിരീക്ഷണത്തിൽ കോ–പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എൻജിനിലേക്കുമുള്ള സ്വിച്ചുകൾ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു.
മെയ്ഡേ സന്ദേശത്തിനു മറുപടിയായി വിമാനമേതാണ് കാള്‍സൈന്‍ ഏതാണ് എന്ന് എടിസിയില്‍ നിന്ന് ചോദിച്ചെങ്കിലും മറുപടിയേതുമുണ്ടായില്ല. സെക്കന്‍ഡുകള്‍ക്കകം വിമാനം വീണു തകര്‍ന്നു.ഓഫായതിന് പിന്നാലെ രണ്ട് ഇന്ധന സ്വിച്ചുകളും RUN-ലേക്ക് തിരികെ മാറ്റി. ഇതിന് പിന്നാലെ ഒരു എഞ്ചിൻ താൽക്കാലികമായി സ്ഥിരത കൈവരിച്ചുവെന്നും പക്ഷേ മറ്റൊന്നിന് പ്രവർത്തന ശേഷി വീണ്ടെടുക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. എഞ്ചിൻ 2 പ്രവർത്തന ശേഷി വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു, പക്ഷേ എഞ്ചിൻ 1 സ്ഥിരത കൈവരിക്കുന്നതിൽ പരാജയപ്പെട്ടു, ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്.
വിമാനത്തിന്റെ ഫോർവേഡ് എക്സ്റ്റെൻഡഡ് എയർഫ്രെയിം ഫ്ലൈറ്റ് റെക്കോർഡർ (EAFR) വീണ്ടെടുക്കുകയും വിജയകരമായി ഡൗൺലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയാത്തത്ര ഗുരുതരമായ കേടുപാടുകൾ പിൻഭാഗത്തെ EAFR-ന് സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം എഐ171 താഴേയ്‌ക്ക് പതിക്കുകയായിരുന്നു.
അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന 241 പേരും മരിച്ചിരുന്നു. അപകടത്തിൽ മരിച്ച 260 പേരിൽ 19 പേർ വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്ത് ഉണ്ടായിരുന്നവരാണ്. വിമാനത്തിൽ ഉണ്ടായിരുന്ന മലയാളിയായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: