പത്തനംതിട്ട : ഒമ്പത് വര്‍ഷമായി ഫ്രീസറില്‍ ഇരിക്കുന്ന സംഘടനയാണ് എസ് എഫ് ഐയെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന്റെ പരിഹാസം.വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്‌ഐ നിലപാട് വ്യക്തമാക്കുന്നില്ല.
സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ നിലനില്‍പ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്‌ഐയെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐക്കാര്‍ സര്‍ക്കാരിടുന്ന സെറ്റില്‍ അഭിനയിക്കുന്ന നടീനടന്മാരാണ്.
സര്‍വകലാശാലയില്‍ എസ്എഫ്‌ഐ അഴിഞ്ഞാടുന്നു. നിലമ്പൂരില്‍ തോറ്റ സര്‍ക്കാരിന്റ നഗ്‌നത മറയ്‌ക്കാന്‍ ഉടുതുണിയുമായി വരുന്ന ആളാണ് ഗവര്‍ണറെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കീം വിഷയത്തില്‍ എസ്എഫ്‌ഐ മിണ്ടുന്നില്ല. കീം റാങ്ക് ലിസ്റ്റില്‍ വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിട്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് അലോഷ്യസ് സേവിയര്‍ വിമര്‍ശിച്ചു. ഇതാണോ നമ്പര്‍ വണ്‍ കേരളം?ഉന്നത വിദ്യാഭ്യാസ വകുപ്പ് കെടുകാര്യസ്ഥയുടെ കൂത്തരങ്ങാണ്. ഈ വകുപ്പിന് ഒരു മന്ത്രി ഉണ്ടോ എന്ന് പോലും സംശയം. കീം പ്രതിസന്ധി വിഷയത്തില്‍ തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെഎസ്യു മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
















