ഇരിങ്ങാലക്കുട: ഏറെ നാളായി നഷ്ടത്തിൽ പോകുന്ന ഇരിങ്ങാലക്കുട കേരള ഫീഡ്സിൽ സിപിഐയുടെ രാഷ്‌ട്രീയക്കളികൾ. പാർട്ടിക്കാരെയും സ്വന്തക്കാരെയും കുത്തി നിറച്ച സ്ഥാപനത്തിൽ പെൻഷൻ പ്രായം 58 ൽ നിന്ന് 60 ആക്കി. ഉല്പാദനം കുറഞ്ഞു, അസംസ്കൃത വസ്തുക്കൾ നൽകുന്ന കരാറുകാർക്ക് കോടികൾ കുടിശികയാണ്. അറ്റകുറ്റപ്പണികൾക്ക് പണമില്ലാത്തതിനാൽ യന്ത്രസാമഗ്രികൾ തുരുമ്പെടുത്തു നശിക്കുന്നു, ഈ സാഹചര്യത്തിലാണ് പുതിയ ബാധ്യത സ്ഥാപനത്തിന് വരുത്തി വയ്‌ക്കുന്ന തീരുമാനം.
എന്നാൽ, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജോർജ് കുര്യനെ കണ്ട്, സംസ്ഥാന മന്ത്രി ചിഞ്ചുറാണി നിവേദനം നൽകി അപേക്ഷിച്ചപ്പോൾ കേന്ദ്ര സർക്കാർ ആവുന്ന സഹായവും സഹകരണവും വാഗ്ദാനം ചെയ്തിരിക്കെയാണ് ധൃതി പിടിച്ച രാഷ്‌ട്രീയ തീരുമാനങ്ങൾ. ഇത് കേന്ദ്ര സഹായലഭ്യത തടസപ്പെടാൻ ഇടവരുത്തിയേക്കുമെന്ന് ആശങ്കയുണ്ട്.
ഇപിഎഫ് പെൻഷൻ പരിധിയിൽ വരുന്ന, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമാണ് കേരള ഫീഡ്സ് ലിമിറ്റഡ്. വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ഈ കാലിത്തീറ്റ നിർമ്മാണ ഫാക്ടറിയി. ധൂർത്തും പിടിപ്പുകേടും രാഷ്‌ട്രീയക്കളികളുമാണ് കാരണം.
ഭരണാധികാരം കൊണ്ട് പലയിടങ്ങളിൽ സിപിഎം നടത്തുന്ന മാതൃകകൾ സിപിഐ മന്ത്രിയുടെ അധികാര പരിധിയിലുള്ള ഇവിടെ ആ പാർട്ടി നടപ്പാക്കുകയാണെന്നാണ് ആക്ഷേപങ്ങൾ. നാലുമാസമായി ജോലിയിൽ നിന്ന് പുറത്തായ 21 പേർ അവരുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് തിരികെ കയറിയത് അവർ ചൂണ്ടിക്കാട്ടുന്നു.
കേരള ഫീഡ്സിന്റെ നാല് യൂണിറ്റിലും കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ നല്ല രീതിയിൽ അകുറ്റപണികൾ നടത്താത്തതിനാൽ നശിക്കുകയാണ്. സ്ഥാപനത്തിൽ ദിവസവേതനത്തിൽ 26 പേരെ നിയമിക്കാനുള്ള രാഷ്‌ട്രീയ നടപടികൾ നടക്കുന്നുവെന്നും ലക്ഷങ്ങൾ ഇതിന്റെ പേരിൽ പലരിൽ നിന്നും പാർട്ടി പ്രവർത്തകർ കൈപ്പറ്റിയെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
പെൻഷൻ പ്രായം സംബന്ധിച്ച് ജീവനക്കാരും മുൻ ജീവനക്കാരും കോടതിയിൽ കേസ് നടത്തുന്നുണ്ടായിരുന്നു. കേസ് ഹിയറിങ് ഈ മാസം 30ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.












