കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പേരില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ അക്രമവും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള എസ്എഫ്‌ഐ നീക്കം ആസൂത്രിതം. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ അവഗണിച്ച് പിണറായി സര്‍ക്കാരിന്റെ കാലത്ത് സമരരഹിത വര്‍ഷങ്ങള്‍ ആചരിച്ച എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒറ്റപ്പെടുന്നത് മറികടക്കാനാണിപ്പോള്‍ സ്വയം ശത്രുക്കളെ സൃഷ്ടിച്ച് സംഘര്‍ഷസമരം സംഘടിപ്പിക്കുന്നത്. പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണം മുതല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഭവം വരെ നിരവധി ഉദാഹരണങ്ങള്‍. എസ്എഫ്‌ഐ നേതാക്കള്‍ പ്രതിക്കൂട്ടിലായ നാണംകെട്ട ഇത്തരം സംഭവങ്ങള്‍ മറച്ചു പിടിക്കാന്‍ കൂടിയാണ് ഗവര്‍ണര്‍ക്കെതിരെ സമരവുമായി സംഘടന രംഗത്തിറങ്ങിയിരിക്കുന്നത്. എസ്എഫ്‌ഐ മുന്‍ സെക്രട്ടറി പി.എം. ആര്‍ഷോയുടെ വ്യാജഹാജര്‍, നിഖില്‍ തോമസിന്റെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് തുടങ്ങി കെ. ദിവ്യയുടെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വരെ. ഇങ്ങനെ എസ്എഫ്‌ഐ നേതാക്കള്‍ മുഴുവനും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നാണംകെട്ട വര്‍ഷമായിരുന്നു കടന്നുപോയത്.
ഉച്ചക്കഞ്ഞിക്കുള്ള ചെലവ്, പട്ടികജാതി, വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ-ഗ്രാന്റ് എന്നിവ മുടങ്ങിയതിനെക്കുറിച്ച് എസ്എഫ്‌ഐ ഒരക്ഷരം മിണ്ടിയിരുന്നില്ല. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠന പ്രോത്സാഹനത്തിനായി 2022-23 കാലത്ത് വകയിരുത്തിയ 43.2 കോടി രൂപയില്‍ 16.18 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ അക്കാദമിക വര്‍ഷത്തിലാണ്. പട്ടികജാതി, വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ചെലവഴിക്കേണ്ട പണം പൊതു വിദ്യാഭ്യാസ വകുപ്പ് ആഡംബരങ്ങള്‍ക്കായി വകമാറ്റി ചെലവഴിച്ചു. 2020-21 ല്‍ പ്രവേശനം നേടിയ 4.12 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 12 ശതമാനത്തിനും ലംപ്‌സം ഗ്രാന്റ് ലഭിച്ചില്ല. ഇ ഗ്രാന്റ് കുടിശിക കാരണം പഠനം നിര്‍ത്തിപ്പോയവരും ടിസി ലഭിക്കാത്തവരും ഏറെയായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഇ ഗ്രാന്റ് കുടിശിക തീര്‍ക്കുന്നത്. ഇതിനെതിരെയുള്ള സമരത്തിലൊന്നും എസ്എഫ്‌ഐ ഉണ്ടായിരുന്നില്ല.
ഈ അക്കാദമിക വര്‍ഷമാരംഭിക്കുമ്പോള്‍ 64 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. സെലക്ട് കമ്മിറ്റികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ തീരുമാനിക്കാത്തത് കാരണം സര്‍വകലാശാലകള്‍ക്കാകട്ടെ നിലവില്‍ താത്കാലിക വിസി മാത്രമാണുള്ളത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം ഗുരുതര പ്രതിസന്ധികളില്‍ നിന്ന് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും എസ്എഫ്‌ഐയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടത് മറച്ചുവെക്കാനുമാണ് സെനറ്റ് ഹാള്‍ പ്രശ്‌നം സജീവമാക്കി നിര്‍ത്തി ഗവര്‍ണര്‍ക്കെതിരെ സമര രംഗത്തിറങ്ങിയത്.
എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സംഭവത്തില്‍ നിഖിലിനെ സംരക്ഷിക്കാനെത്തിയ ആര്‍ഷോയുടെ വാദങ്ങള്‍ മുഴുവന്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നിലപാടുകള്‍ മൂലം നുണയാണെന്ന് തെളിഞ്ഞിരുന്നു. തങ്ങള്‍ക്ക് വേണ്ടത് ചെയ്തു തരാത്ത വിസിമാരെ വേട്ടയാടുന്ന തന്ത്രമാണ് എസ്എഫ്‌ഐ ഇപ്പോഴും പിന്തുടരുന്നത്. സംഘര്‍ഷവും അക്രമവും ഉണ്ടാക്കി യഥാര്‍ത്ഥ പ്രശ്‌നങ്ങളെ തമസ്‌കരിക്കാനാണ് എസ്എഫ്‌ഐയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: