ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരം കൂറവായ എന്നാല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആധുനിക യുദ്ധവിമാനമായ തേജസ് മാര്‍ക്ക് 1എ ജൂലായില്‍ തന്നെ പറന്നുയരുമെന്ന് റിപ്പോര്‍ട്ട്. എച്ച് എ എല്ലിന്റെ (ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്) നാസിക്കിലെ നിര്‍മ്മാണശാലയില്‍ നിന്നും പറന്നുയരുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ തേജസ് മാര്‍ക്ക് 1 എ വലിയ നാഴികക്കല്ലാണ്. കാരണം ഇത് ഇന്ത്യയുടെ പ്രതിരോധരംഗത്തെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കാര്യത്തില്‍ വലിയ കുതിപ്പേകും.
വിമാനത്തിന് ആവശ്യമായ എഫ് 404 എഞ്ചിനുകള്‍ ലഭിക്കാത്തത് മൂലമാണ് തേജസ് മാര്‍ക്ക് 1എയുടെ ഉല്‍പാദനം ഇഴഞ്ഞുപോയത്. 2024 മാര്‍ച്ച് 31ന് എത്തേണ്ട തേജസ് എംകെ1എയുടെ വരവ് നീണ്ടുപോയത് ഈ എഞ്ചിന്‍ എത്തിക്കാമെന്നേറ്റ യുഎസിലെ ജനറല്‍ ഇലക്ട്രിക് എയ്റോസ്പേസ് അത് കൃത്യസമയത്ത് നല്‍കാത്തതിനാലാണ്. കോവിഡ് കാലത്ത് ചരക്ക് നീക്കം ആഗോളതലത്തില്‍ താറുമാറായത് ഈ എഞ്ചിന്റെ വിതരണം വൈകിച്ചു. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ജനറല്‍ ഇലക്ട്രിക് നല്കാന്‍ പോകുന്നത് എഫ് 404- ഐഎന്‍ 20 എന്ന എഞ്ചിനാണ്. ഇതിന്റെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കാലതാമസം എടുത്തു. ഇപ്പോള്‍ രണ്ട് എഫ് 404 എഞ്ചിന്‍ അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് അയച്ചതോടെയാണ് പരീക്ഷണപ്പറക്കല്‍ അതിവേഗത്തിലായത്. ജൂലായ് മുതല്‍ രണ്ട് എഫ് 404 എഞ്ചിനുകള്‍ വീതം നല്‍കാമെന്ന് ജനറല്‍ ഇലക്ട്രീക് എയ്റോസ്പേസ് ഉറപ്പുനല്‍കിയതായി എച്ച്എഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡി.കെ. സുനിൽ പറയുന്നു. അങ്ങിനെയെങ്കില്‍ 2026 മാര്‍ച്ചിന് മുന്‍പ് 18 തേജസ് മാര്‍ക്ക് 1എ പുറത്തിറക്കുമെന്നാണ് എച്ച് എഎല്‍ പറയുന്നു.
ഭാവിയിലെ തേജസ് യുദ്ധവിമാനങ്ങള്‍ക്ക് ആവശ്യമായ എഞ്ചിന്‍ ഇന്ത്യ സ്വയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനറല്‍ ഇലക്ട്രികിനെ യുദ്ധവിമാനങ്ങളുടെ ടര്‍ബോ എഞ്ചിന് വേണ്ടി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. പണ്ട് യുദ്ധവിമാനങ്ങള്‍ക്ക് ആവശ്യമായ ടര്‍ബോ എഞ്ചിന്‍ കാവേരി എന്ന പദ്ധതിയുടെ കീഴില്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു. ഇത് ഇടയ്‌ക്ക് വെച്ച് നിര്‍ത്തേണ്ടിവന്നു. ഇപ്പോള്‍ ഈ കാവേരി എഞ്ചിന്‍ സ്വന്തമായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. എങ്കിലും ഇന്ത്യയുടെ കാവേരി എഞ്ചിന്‍ എത്താന്‍ 2032 എങ്കിലും ആകും.
നാസിക്കിലെ എച്ച് എഎല്ലിന് ഒരു വര്‍ഷം എട്ട് തേജസ് എംകെ1എ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. ബെംഗളൂരുവിലെ രണ്ട് എച്ച് എ എല്‍ ഫാക്ടറിയുടെ സഹായം കൂടി എത്തിയാല്‍ വര്‍ഷത്തില്‍ 24 വരെ ആധുനിക തേജസ് മാര്‍ക്ക് 1എ യുദ്ധ ജെറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് ലഭിക്കും
പുതുതലമുറയില്‍ പെട്ട് ഭാരം കുറഞ്ഞ ന്യൂജെന്‍ ബ്രഹ്മോസ് രണ്ടെണ്ണമെങ്കിലും തേജസ് മാര്‍ക്ക്1എയില്‍ ഘടിപ്പിക്കാനാകും. ഇതോടെ തേജസ് മാര്‍ക്ക്1എ ശത്രുപാളയത്തെ തകര്‍ത്തുതരിപ്പണമാക്കുന്ന യുദ്ധവിമാനമായി മാറും. പക്ഷെ ഭാരം കുറഞ്ഞ ബ്രഹ്മോസ് എന്‍ജി എന്ന പുതുതലമുറ ബ്രഹ്മോസ് എത്തിച്ചേരാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. 2026ല്‍ മാത്രമേ പുതുതായി വികസിപ്പിക്കുന്ന ബ്രഹ്മോസ് എന്‍ജിയെ തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനത്തില്‍ ഘടിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം നടക്കൂ. തേജസ് മാര്‍ക് 1എ വിമാനത്തിന്റെ ഭാരവും അതിനുള്ളിലെ ഇന്ധന ഭാരത്തിനും പുറമെ 5300 കിലോഗ്രാം വരെയുള്ള ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. ഒരു പുതുതലമുറ ബ്രഹ്മോസിന്റെ ഭാരം 1360 കിലോഗ്രാം മാത്രമാണ്. തല്‍ക്കാലം അസ്ത്ര, ഡെര്‍ബി എന്നീ ബിയോണ്ട് വിഷ്വല്‍ റേഞ്ച് (കാഴ്ചയ്‌ക്കപ്പുറമുള്ള ദൂരങ്ങളില്‍ ആക്രമണം നടത്താവുന്ന മിസൈല്‍) മിസൈലുകള്‍ ആയിരിക്കും തേജസ് മാര്‍ക്ക് 1എയില്‍ ഉപയോഗിക്കുക.
ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകുന്നതിനും, ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് ഊർജ്ജം പകരുന്നതിനുമാണ് എച്ച്എഎൽ ഉത്പാദനം വേഗത്തിലാക്കുന്നത്. തേജസ് മാർക്ക് 1ന്റെ നവീകരിച്ചതും കൂടുതൽ പ്രഹരശേഷിയുള്ളതുമായ പതിപ്പാണ് തേജസ് മാർക്ക് 1എ.
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എല്‍സിഎ) വിഭാഗത്തില്‍പ്പെടുന്ന ഇവ ഭാരം കുറഞ്ഞ, വിവിധ റോളുകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനമാണ്. എയര്‍ ടു എയര്‍ യുദ്ധവിമാനത്തിന്റെയും കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന യുദ്ധവിമാനത്തിന്റെയും സ്വഭാവസവിശേഷതകള്‍ തേജസ് എംകെ1എയില്‍ സംയോജിപ്പിച്ചിരിക്കുന്നു. ആകാശത്ത് ശത്രുവിന്റെ യുദ്ധവിമാനങ്ങളുമായി കടിപിടി നടത്തി വിജയം വരിക്കാനുള്ള കഴിവ് തേജസ് എംകെ1എയ്‌ക്കുണ്ട്. തിരിഞ്ഞും മറിഞ്ഞും വട്ടം ചുറ്റിയും പറക്കാനുള്ള കഴിവുണ്ട് ഇവയ്‌ക്ക്. 16000 മീറ്റര്‍ വരെ ഉയരത്തില്‍ പോയി ശത്രുവിമാനത്തെ അടിക്കാന്‍ കഴിയും. ഉയര്‍ന്ന ആന്തരിക ഇന്ധനശേഷി ഉള്ളതിനാല്‍ 3000 കിലോമീറ്റര്‍ വരെ ദൂരപരിധി ഉണ്ട്.
ഇസ്രായേൽ നിർമ്മിത എൽറ്റ ELM-2052 എഇഎസ്എ (AESA) ഫയർ കൺട്രോൾ റഡാർ ആണ് തേജസ് മാര്‍ക്ക് 1എയുടെ സവിശേഷത. 100 കിലോമീറ്ററിനകത്തുള്ള 50 ഓളം ശത്രു ആക്രമണനീക്കങ്ങളെ ഒരേ സമയം കണ്ടെത്താന്‍ ശേഷിയുള്ള ഇലക്ട്രോണിക്സ് സംവിധാനത്താല്‍ സ്കാന്‍ ചെയ്യാന്‍ ശേഷിയുള്ളതാണ് ഈ ഏറേ റഡാര്‍. മെച്ചപ്പെടുത്തിയ ഡിജിറ്റൽ ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടർ (DFCC), നവീകരിച്ച ഏവിയോണിക്സ് സംവിധാനങ്ങൾ എന്നിവയും പ്രത്യേകതകളാണ്.
തേജസ് മാര്‍ക്ക് 1എ എന്ന യുദ്ധവിമാനങ്ങള്‍ പൂര്‍ണ്ണമായും എത്തിക്കഴിഞ്ഞാല്‍ പഴയ കാലത്തെ മിഗ് 21 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ വ്യോമസേന പാടെ നിര്‍ത്തും. 2019ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ ആകാശത്ത് യുദ്ധവിമാനങ്ങള്‍ തമ്മില്‍ നടന്ന അടിപിടിയില്‍ ഇന്ത്യയുടെ വിംഗ് കമാന്‍ററായ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 നിലംപൊത്തിയിരുന്നു. മിഗ് 21 കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ തേജസ് എംകെ1 ഉപയോഗിച്ചിരുന്നു. ഇവ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ലെങ്കിലും ആകാശത്ത് മികച്ച മേധാവിത്വം ഉറപ്പാക്കിയിരുന്നു. തേജസ് എംകെ1എയുടെ തൊട്ടുമുന്‍പത്തെ പതിപ്പായ തേജസ് എംകെ1 എന്ന യുദ്ധവിമാനങ്ങള്‍ 38 എണ്ണത്തോളം ഇപ്പോള്‍ ഇന്ത്യയുടെ കൈവശം ഉണ്ട്.
.എന്തായാലും ഇന്നത്തെ കാലത്തിന് ആവശ്യമായ ഭാരം കുറഞ്ഞ യുദ്ധവിമാനം നിര്‍മ്മിക്കാന്‍ ഇന്ത്യയ്‌ക്കാവും എന്നതിന്റെ വിളംബരം കൂടിയാണ് നാസിക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: