ന്യൂദല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉപഗ്രഹം വഴി ഇന്‍റര്‍നെറ്റ് സേവനം നല‍്കുന്ന സ്റ്റാര്‍ലിങ്കിന് പൂര്‍ണ്ണ അനുമതി ലഭിച്ചു. ഏറ്റവുമൊടുവില്‍ അനുമതി നല്‍കേണ്ട ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍റ് ഓതറൈസേഷന്‍ സെന്‍റര്‍ (ഇന്‍-സ്പേസ്) കൂടി പച്ചക്കൊടിവിശീയതോടെ ഇന്ത്യന്‍ നഗരങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന സ്റ്റാര്‍ലിങ്ക് വൈകാതെ ഇന്ത്യയില്‍ വാണിജ്യ സേവനം ആരംഭിക്കും. ഇന്ത്യയുടെ ബഹിരാകാശ സേവനങ്ങള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയാണ് ഇന്‍-സ്പേസ്.
ഉടന്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്രടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനത്തിനുള്ള ടെലികോം വകുപ്പിന്റെ അനുമതി നേരത്തെ നല്‍കിയിരുന്നു. വിപണിയില്‍ നിന്നുള്ള വിവരം അനുസരിച്ച് സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ലഭിക്കാന്‍ 33000 രൂപയുടെ ഉപകരണം വാങ്ങേണ്ടിവരും. ഇന്‍റര്‍നെറ്റ് സേവനത്തിന് ഏകദേശം മാസവാടക 3000 രൂപയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിലും ഭൂട്ടാനും സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് ലഭിക്കാനുള്ള ഡിഷിന് 33000 രൂപയാണ് ചാര്‍ജ്ജ് ചെയ്യുന്നത്.
സ്റ്റാര്‍ലിങ്ക് നല‍്കുന്ന ഇന്‍റര്‍നെറ്റ് സ്പീഡ് ഏകദേഷം 100 എംബിപിഎസ് ആയിരിക്കും. ഇതനുസരിച്ച് ഒരു രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 4കെ റെസലൂഷനിലുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 20-25 മിനിറ്റ് മതിയാവും. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭിക്കാത്ത ഏത് മുക്കുമൂലകളിലും സ്റ്റാര്‍ലിങ്കിന്റെ സേവനം ലഭിക്കുമെന്നതാണ് നേട്ടം. ഡിജിറ്റല്‍ സേവനരംഗത്തേക്ക് കൂടുതല്‍ ഗ്രാമീണരെക്കൂടി ഉള്‍ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും.
സ്റ്റാര്‍ലിങ്ക് കൂടി വരുന്നതോടെ ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ അതിവേഗം വര്‍ധനയുണ്ടാകുമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത്. കേബിളുകള്‍ വലിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രാന്തപ്രദേശങ്ങളില്‍ ഉപഗ്രഹം വഴി ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ എളുപ്പമാണ്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ പലതിലേക്കും സ്റ്റാര്‍ലിങ്ക് വഴി ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നത് വഴി ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാന്‍ സാധിക്കും. 25 എംബിപിഎസ് മുതല്‍ 225 എംബിപിഎസ് വരെയായിരിക്കും സ്റ്റാര്‍ലിങ്ക് ഡൗണ്‍ലോഡ് സ്പീഡ് എന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു പക്ഷെ സ്റ്റാര്‍ലിങ്ക് അവകാശപ്പെടുന്ന 100 എംബിപിഎസ് സ്പീഡ് കിട്ടിയാല്‍ ഒരു സിനിമ തന്നെ ഒരു മിനിറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സ് എന്ന കമ്പനിയുടെ സ്റ്റാര്‍ ലിങ്ക് 2021 മുതല്‍ ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ അനുമതികള്‍ കിട്ടുന്നതിലെ തടസ്സമാണ് പ്രശ്നമായത്. ഇപ്പോള്‍ തടസ്സങ്ങള്‍ എല്ലാം നീങ്ങി. സ്റ്റാര്‍ ലിങ്ക് കൂടി വന്നാല്‍ ഉപഗ്രഹം വഴി ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന മൂന്നാമത്തെ കമ്പനിയായി സ്റ്റാര്‍ലിങ്ക് മാറും. എയര്‍ടെല്ലിന്റെ വണ്‍ വെബും റിലയന്‍സ് ജിയോയും ആണ് ഈ സേവനം നല്‍കുന്ന മറ്റ് കമ്പനികള്‍. ആമസോണിന്റെ കൂയിപ്പറും ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ഇന്ത്യയില്‍ തുടങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അനുമതി കിട്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: