ന്യൂദൽഹി: സ്വർണ്ണക്കടത്തുകാരി മോണിക്ക കപൂറിനെ രണ്ടു പതിറ്റാണ്ടത്തെ നടപടിക്രമങ്ങളിലൂടെ അരേിക്കയിൽ നിന്ന് ഭാരതത്തിലെത്തിച്ചു. ഇനി അവർ വിചാരണ നേരിടും. കപ്പൽ ചരക്കിടപാടിന് വ്യാജരേഖയുണ്ടാക്കി മോണിക്ക ഇറക്കുമതി-കയറ്റുമതി തട്ടിപ്പ് നടത്തിയത് 1998 ലാണ്. 2002 ൽ സംഭവം പുറത്തുവന്നു. ഏജൻസികൾ അന്വേഷണം ആരംഭിച്ചു. അന്നുമുതൽ ഒളിവിൽ കഴിഞ്ഞിരുന്ന, ഇവരെ നീണ്ടകാലത്തെ നടപടികൾക്കൊടുവിലാണ് ഭാരതത്തിലെത്തിച്ചത്. ഈ നടപടി കുറ്റാരോപിതർ വിദേശത്തേക്ക് കടന്ന് രക്ഷപ്പെടുന്ന പതിവ് അവസാനിക്കുന്നതിനുള്ള മികച്ച തുടക്കമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മോണിക്ക ഓവർസീസ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായിരുന്ന ഇവർ സഹോദരങ്ങളായ രാജൻ ഖന്ന, രാജീവ് ഖന്ന എന്നിവരുമായി ചേർന്നാണ് 1998ൽ ഗൂഢാലോചനകൾ നടത്തി, കയറ്റുമതിക്ക് വിവിധ വ്യാജ രേഖകളുണ്ടാക്കി. ഇതുപയോഗിച്ച് 2.36 കോടി രൂപയുടെ ഡ്യൂട്ടി ഫ്രീ സ്വർണ്ണം ഇറക്കുമതി ചെയ്യാൻ അനുമതി നേടുകയായിരുന്നു. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് 2017 ഡിസംബർ 20 ന് ദൽഹി സാകേത് കോടതി രാജൻ ഖന്നയെയും രാജീവ് ഖന്നയെയും കുറ്റക്കാരായി വിധിച്ചു. ഈ സമയത്ത് ഒളിവിലായിരുന്ന മോണിക്ക കപൂർ അന്വേഷണത്തിലും വിചാരണയിലും പങ്കെടുത്തില്ല, തുടർന്ന് 2006ൽ വിചാരണ കോടതി അവരെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. 2010ൽ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, അവർക്കെതിരെ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചു. 2010 ഒക്‌ടോബറിൽ, മോണിക്ക അമേരിക്കയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മോണിക്കയെ ഭാരതത്തിന് വിട്ടുകിട്ടാൻ യുഎസ് അധികാരികൾക്ക് കൊടുത്ത അപേക്ഷയിലാണ് ഇപ്പോൾ നടപടിയുണ്ടായത്.
നീതി നടപ്പാക്കുന്നതിൽ ഈ കൈമാറ്റം ഒരു പ്രധാന വഴിത്തിരിവാണ്, അന്താരാഷ്‌ട്ര അതിർത്തികൾ പരിഗണിക്കാതെ, ഒളിച്ചോടിയവരെ ഭാരതത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള സിബിഐയുടെ നടപടി ക്രമങ്ങൾക്കുള്ള വൻ വിജയമാണിത്.














