ന്യൂദൽഹി : ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ തമ്മിലുള്ള വർദ്ധിച്ചുവരുന്ന അടുപ്പത്തെക്കുറിച്ച് ആശങ്കയറിയിച്ച് ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ. ഈ രാജ്യങ്ങൾ പരസ്പരം അവരുടെ താൽപ്പര്യങ്ങൾക്കായി ചായ്‌വ് കാണിക്കുന്നത് ഇന്ത്യയുടെ സ്ഥിരതയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെന്ന് സിഡിഎസ് അനിൽ ചൗഹാൻ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മെയ് 7 നും 10 നും ഇടയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തെക്കുറിച്ച് ചൊവ്വാഴ്ച നടന്ന ഒരു കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയാണ് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ ഇക്കാര്യം പരാമർശിച്ചത്. രണ്ട് ആണവായുധ രാജ്യങ്ങൾ നേരിട്ട് ഒരു സംഘർഷത്തിൽ ഏർപ്പെടുന്നത് ഇതാദ്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനും ചൈനയും തമ്മിലുള്ള സഖ്യത്തെക്കുറിച്ചും ഇന്ത്യയോടുള്ള അവരുടെ മനോഭാവത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാകിസ്ഥാൻ തങ്ങളുടെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും 70 മുതൽ 80 ശതമാനം വരെ ചൈനയിൽ നിന്നാണ് വാങ്ങിയതെന്ന് സിഡിഎസ് ചൗഹാൻ പറഞ്ഞു.
ചൈനീസ് സൈനിക കമ്പനികൾക്കും പാകിസ്ഥാനിൽ വാണിജ്യ ബാധ്യതകളുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി ബാഹ്യ ശക്തികൾക്ക് അവരുടെ സ്വാധീനം വർദ്ധിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ടെന്ന് അനിൽ ചൗഹാൻ പറഞ്ഞു. ഇത് ഇന്ത്യയ്‌ക്ക് അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: