ടെൽഅവീവ്: വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ ഇസ്രയേലിന് പിന്തുണയുമായി അവിടം സന്ദർശിച്ചു. ഫ്രാൻസിലെ ഇമാം ഹസ്സൻ ചൽഗൗമിയുടെ നേതൃത്വത്തിലാണ് പതിനഞ്ചംഗ സംഘം ഇസ്രയേലിൽ എത്തിയത്. ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, ബെൽജിയം, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ വിവിധ മുസ്‍ലിം നേതാക്കളും സംഘത്തിലുണ്ട്. യൂറോപ്യൻ ലീഡർഷിപ്പ് നെറ്റ്‌വർക്ക് (എൽനെറ്റ്) എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു മുസ്ലീം പണ്ഡിതർ ഇസ്രയേലിൽ എത്തിയത്.
യുദ്ധം 640 ദിവസം പിന്നിട്ട തിങ്കളാഴ്‌ച്ചയാണ് മുസ്ലീം പണ്ഡിതരുടെ സംഘം ജറൂസലേമിൽ എത്തിയത്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി സംഘം കൂടിക്കാഴ്ച നടത്തി. ‘ഇസ്രായേലും ഹമാസും തമ്മിലുള്ളതോ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ളതോ അല്ല യുദ്ധം. ഇത് രണ്ട് ലോകങ്ങൾ തമ്മിലുള്ള യുദ്ധമാണ്. ഇതിൽ നിങ്ങൾ (ഇസ്രായേൽ) മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്” -എന്നായിരുന്നു ചാൽഗൗമി ഇസ്രായേൽ പ്രസിഡന്റിനോട് പറഞ്ഞത്.
ഒരാഴ്‌ച്ചയാണ് മുസ്ലീം പണ്ഡിതരുടെ സംഘം ഇസ്രയേലിൽ പര്യടനം നടത്തുക. ഹോളോകോസ്റ്റ് മ്യൂസിയം, ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാശനഷ്ടം നേരിട്ട തെൽഅവീവിലെ കെട്ടിടങ്ങൾ, ഇസ്രായേൽ ചീഫ് റബ്ബി ഡേവിഡ് യോസെഫ്, സിറിയൻ-ലെബനൻ അതിർത്തി, ഒക്ടോബർ 7 ന് ആക്രമണം നടന്ന സ്ഥലങ്ങൾ എന്നിവ ഇവർ സന്ദർശിക്കും.ഇസ്രായേലിനെ പുകഴ്‌ത്തി സംഘത്തലവൻ ഇമാം ഹസ്സൻ ചാൽഗൗമി നടത്തിയ പ്രസ്താവനയും സൈബറിടങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗസ്സയിൽ ഹമാസ് തടവിലട്ടവരെ മോചിപ്പികകണമെന്ന് സംഘം ആവശ്യപ്പെട്ടു. നമ്മൾ എല്ലാവരും അബ്രഹാമിന്റെ മക്കളാണെന്നും ഒത്തൊരുമയോടെ ജീവിക്കുന്നത് തടയാൻ ശ്രമിക്കുന്ന തീവ്രവാദ ശക്തികൾക്കെതിരെ നിലകൊള്ളണമെന്നും ഹെർസോഗ് പ്രതികരിച്ചു.പ്രസിഡന്റിന്റെ വസതിയിൽ വെച്ച് ഖുർആൻ സൂറത്തുകൾ പാരായണം ചെയ്ത ഇവർ ഇസ്രായേലിന്റെ ദേശീയഗാനമായ ഹാതിക്വ അറബിയിൽ ആലപിച്ചതായും ജ്യൂവിഷ് ന്യൂസ് നെറ്റ്‍വർക്ക് റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: