ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ചൈനയും പാകിസ്ഥാനും ചേര്‍ന്ന് റഫാല്‍ യുദ്ധവിമാനത്തിനെതിരെ വന്‍നുണപ്രചാരണം അഴിച്ചുവിടുന്നതായി റഫാല്‍ ജെറ്റുകള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയും ഫ്രഞ്ച് രഹസ്യഏജന്‍സികളും. ചൈന റഫാലിനെതിരെ പരത്താന്‍ ശ്രമിക്കുന്ന നുണപ്രചാരണത്തിന് പത്തിരട്ടി പ്രചാരണം നല്‍കാന്‍ ഇന്ത്യയില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഉണ്ടായിരുന്നു.പ്രതിപക്ഷപാര്‍ട്ടിനേതാവിന്റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രചാരണങ്ങള്‍ക്ക് ഇവിടുത്തെ മോദി വിരുദ്ധ മാധ്യമങ്ങള്‍ വന്‍പ്രചാരണമാണ് നല്‍കിയത്. ഇത് ആഗോളമാധ്യമങ്ങളില്‍ വാര്‍ത്തയാക്കാന്‍ ചൈനയ്‌ക്ക് സാധിക്കുകയും ചെയ്തു.
റഫാലിന്റെ വില്‍പന തകര്‍ക്കുക, പകരം ചൈനയുടെ യുദ്ധവിമാനങ്ങള്‍ക്ക് വിപണി പിടിച്ചെടുക്കുക എന്നതാണ് ഈ നുണപ്രചാരണത്തിന് പിന്നിലെ ചൈനയുടെ ലക്ഷ്യം. റഫാലിനെതിരെ നുണപ്രചാരണം അഴിച്ചുവിടുക വഴി റഫാല്‍ യുദ്ധവിമാനം വാങ്ങാനിരുന്ന ഏഷ്യയിലെ രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നതില്‍ ചൈന ഏതാണ്ട് വിജയിച്ചതായി പറയപ്പെടുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ മൂന്ന് റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടു എന്നതായിരുന്നു ചൈനയും പാകിസ്ഥാനും പ്രചരിപ്പിച്ച നുണ. ഇത് പിന്നീട് ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂട്ടരും ഏറ്റെടുത്തു. ചൈന ലോകത്തുള്ള അവരുടെ എംബസികള്‍ വഴിയും ഈ നുണ എല്ലാ രാജ്യങ്ങളിലും പരമാവധി പരത്താന്‍ നോക്കി. നിരവധി പ്രതിരോധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന വെബ്സൈറ്റുകളിലും റഫാലിനെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
എല്ലാ രാജ്യങ്ങളോടും ഫ്രഞ്ച് യുദ്ധവിമാനമായ റഫാല്‍ വാങ്ങരുതെന്ന സന്ദേശം നല്‍കുകയായിരുന്നു ചൈനയെന്ന് ഫ്രഞ്ച് രഹസ്യഏജന്‍സികള്‍ കണ്ടെത്തിയിരിക്കുകയാണ്. 10 മുതല്‍ 12 കോടി ഡോളര്‍ വരെയാണ് ഒരു റഫാല്‍ ജെറ്റിന്റെ വിലയെന്നും ഇതിനേക്കാള്‍ ഫലപ്രദമാണ് അതിന്റെ മൂന്നിലൊന്ന് വിലയുള്ള ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയാല്‍ മതിയെന്നാണ് ചൈനയുടെ വിളംബരം. ആകാശത്ത് നടന്ന യുദ്ധവിമാനങ്ങള്‍ തമ്മിലുള്ള കടിപിടിയില്‍ ചൈനയുടെ ജെ10 സി റഫാലിനെ വെടിവെച്ചിട്ടു എന്നതാണ് ചൈന പ്രചരിപ്പിച്ച വാര്‍ത്ത. ജെ10സിയ്‌ക്ക് നാല് കോടി ഡോളറേ വിലയുള്ളൂ.
ഫ്രഞ്ച് പ്രതിരോധമേഖലയ്‌ക്ക് മികച്ച ബിസിനസാണ് റഫാല്‍ ജെറ്റ് കൊണ്ടുവന്നത്. വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും വേണ്ടി 62 റഫാല്‍ ജെറ്റുകളാണ് ഇന്ത്യ വാങ്ങിയത്. ഇതില്‍ 36 എണ്ണം വ്യോമസേനയ്‌ക്കെങ്കില്‍ 26 എണ്ണം നാവികസേനയ്‌ക്കായിരുന്നു. ഇതിന് പിന്നാലെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ബിസിനസുകള്‍ കൂടി സ്വന്തമാക്കാന്‍ ഫ്രഞ്ച് കമ്പനി ശ്രമിക്കുന്നതിനിടയിലാണ് ഇവിടങ്ങളില്‍ മേധാവിത്വം നേടാന്‍ ചൈന ശ്രമിക്കുന്നത്.
റഫാല്‍ നിര്‍മ്മിയ്‌ക്കുന്ന ദസോള്‍ട് എവിയേഷന്റെ സിഇഒ ആയ എറിക് ട്രാപ്പിയര്‍ പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഫ്രഞ്ച് മാസികയായ ചലഞ്ചസില്‍ മൂന്ന് റഫാല്‍ ജെറ്റുകളെ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം എറിക് ട്രാപ്പിയര്‍ നിഷേധിച്ചു. മറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കാണിച്ചാണ് റഫാല്‍ ജെറ്റ് വെടിവെച്ചിട്ടു എന്ന പേരില്‍ പാകിസ്ഥാനും ചൈനയും നുണപ്രചാരണം നടത്തിയതെന്ന് ഫ്രഞ്ച് രഹസ്യ ഏജന്‍സി പറയുന്നു. ചൈനയുടെ യുദ്ധവിമാനമാണ് കേമം എന്ന് പ്രചരിപ്പിക്കാനായി 1000ല്‍ പരം പുതിയ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചൈന പ്രചാരണം നടത്തിയിരുന്നു. ഇതിനായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങളും ചിത്രങ്ങളും വരെ ചൈന ഉപയോഗിച്ചുവെന്നും ഫ്രഞ്ച് രഹസ്യവിവരശേഖരണ ഏജന്‍സികള്‍ അവകാശപ്പെടുന്നു. പക്ഷെ ഓണ്‍ലൈന്‍ ദുഷ്പ്രചാരണം ചൈനയിലെ സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതാണെന്നതിന് തെളിവുകള്‍ ശേഖരിക്കാന്‍ ഫ്രാന്‍സിന് ആയിട്ടില്ല.
ചൈനീസ് എംബസികളിലെ പ്രതിരോധ അറ്റാഷെകള്‍ വിദേശ പ്രതിനിധികളുമായി നടത്തുന്ന യോഗങ്ങളില്‍ റഫാലിനെതിരെ പരമാവധി കള്ളം പ്രചരിപ്പിച്ചതായും ഫ്രഞ്ച് രഹസ്യഏജന്‍സി പറയുന്നു. റഫാല്‍ വാങ്ങാന്‍ സാധ്യതയുള്ള രാജ്യങ്ങളിലെ പ്രതിനിധികളോടാണ് ചൈനയുടെ എംബസി ഉദ്യോഗസ്ഥര്‍ റഫാലിനെക്കുറിച്ചുള്ള കള്ളങ്ങള്‍ പറഞ്ഞുഫലിപ്പിച്ചത്.
ഇതുവരെ 533 റഫാല്‍ ജെറ്റുകള്‍ വിറ്റിട്ടുണ്ട് ഫ്രാന്‍സ്. അത് ഇന്ത്യ, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, സെര്‍ബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് ജെറ്റുകള്‍ വിറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: