Kerala

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

സസ്പന്‍ഡ് ചെയ്തതിനെതിരെ പ്രൊഫ. അനില്‍കുമാര്‍ നല്‍കിയ കേസ് തിങ്കളാഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും

Published by

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയകളികള്‍ തുടരുന്നു. രജിസ്ട്രാറെ സസ്പന്‍ഡ് ചെയ്ത വി സിയുടെ നടപടി റദ്ദാക്കിയ ഇടത് അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുളള സിന്‍ഡിക്കേറ്റ് രജിസ്ട്രാറെ തിരിച്ചെടുക്കാന്‍ ഉത്തരവിറക്കി. ഞായറാഴ്ച തന്നെ ചുമതല ഏല്‍ക്കാന്‍ ആവശ്യപ്പെട്ട പ്രകാരം വൈകിട്ട് 4.30 യ്‌ക്ക് പ്രൊഫ. അനില്‍കുമാര്‍ അതീവ രഹസ്യമായി സര്‍വകലാശാലയിലെത്തി ചുമതലയേറ്റു.

സസ്പന്‍ഡ് ചെയ്തതിനെതിരെ പ്രൊഫ. അനില്‍കുമാര്‍ നല്‍കിയ കേസ് തിങ്കളാഴ്ച ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരും.ഈ സാഹചര്യത്തില്‍ ഇടത് അംഗങ്ങള്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സര്‍വകലാശാലയില്‍ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നിരുന്നു. കേസില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെങ്കിലും രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കണമെന്ന് ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലുളള വിഷയത്തില്‍ തീരുമാനം എടുക്കാന്‍ പറ്റില്ലെന്ന് താത്കാലിക വി സി ഡോ സിസ തോമസ് നിലപാടെടുത്തു.വി സി ഡോ മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിലായതിനാലാണ് താത്കാലിക വി സിയായി ഡോ സിസ തോമസ് എത്തിയത്.

ഇതോടെ വി സി യോഗം റദ്ദാക്കി ഇറങ്ങി പോയി. ഇതിന് ശേഷം ഇടത് അംഗങ്ങള്‍ മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി.ഇടത് അംഗങ്ങളുടെയും കോണ്‍ഗ്രസ് അംഗങ്ങളുടെയും ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്പെന്‍ഷന്‍ നടപടി റദ്ദാക്കിയത്. വി സിയുടെ സാന്നിധ്യത്തിലല്ലാതെ തീരുമാനമടുക്കാന്‍ അധികാരം ഇല്ലെന്നിരിക്കയാണ് ഈ നിയമവിരുദ്ധ നടപടി. തുടര്‍ന്നാണ് പ്രൊഫ. അനില്‍കുമാര്‍ രഹസ്യമായി വീണ്ടും ചുമതലയേറ്റത്.

പത്മനാഭ സേവ സമിതി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ എതിര്‍ത്ത എസ് എഫ് ഐ -കെ എസ് യു പ്രവര്‍ത്തകരോട് അനുഭാവം പ്രകടിപ്പിച്ച് രജിസ്ട്രാര്‍ പ്രൊഫ. അനില്‍കുമാര്‍ പരിപാടിക്ക് അനുമതി റദ്ദാക്കിയിരുന്നു.ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് നല്‍കിയ അനുമതി റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹത്തോട് അനാദരവ് കാട്ടിയെന്ന കുറ്റത്തിനാണ് വി സ് ഡോ മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ സസ്പന്‍ഡ് ചെയ്തത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക