പുനലൂര്‍: ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 11.3 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ നാലാംപ്രതി, എറണാകുളം പാലാരിവട്ടം സൗത്ത് ജനതാറോഡില്‍ അടിമുറി ലെയിനില്‍ ഹൗസ് നമ്പര്‍ 12-ല്‍ ചിഞ്ചു അനീഷ് (45) ആണ് അറസ്റ്റിലായത്. പുനലൂരില്‍ നിന്നുള്ള പോലീസ് സംഘം കഴിഞ്ഞദിവസം പാലാരിവട്ടത്ത് എത്തിയാണ് ചിഞ്ചുവിനെ അറസ്റ്റുചെയ്തത്.
ഒന്നാംപ്രതി എറണാകുളം കറുപ്പുംപടി രായമംഗലം അട്ടയത്ത് ഹൗസില്‍ ബിനില്‍കുമാറിനെ (41) ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റുചെയ്തിരുന്നു. കേസില്‍ ഇനി രണ്ടുപ്രതികള്‍ കൂടി അറസ്റ്റിലാവാനുണ്ട്. പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി. നിഷാദിന്റെ (37) പരാതിയിലാണ് അറസ്റ്റ്.
2023-മെയ് മാസത്തിലാണ് തട്ടിപ്പ് നടന്നത്. പെരുമ്പാവൂരിലുള്ള സ്ഥാപനത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. പരസ്യം കണ്ട് സ്ഥാപനത്തിലെത്തിയ നിഷാദിനോട് വിസ, സര്‍വീസ് ചാര്‍ജ് ഇനങ്ങളിലായി 11.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. സ്ഥാപന അധികൃതര്‍ നിര്‍ദേശിച്ച അക്കൗണ്ടില്‍ ലോണ്‍ എടുത്ത ശേഷം രണ്ട് തവണയായി തുക അയച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ വിസ ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെത്തുടര്‍ന്ന് സംശയം തോന്നി പണം തിരികെ ചോദിച്ചെങ്കിലും വിസ തയാറായെന്ന് അധികൃതര്‍ തെറ്റിദ്ധരിപ്പിച്ചു. എന്നിട്ടും നിശ്ചിതസമയത്തിനുള്ളില്‍ വിസയോ ജോലിയോ ലഭിച്ചില്ല.
പിന്നാലെ, 2024-ല്‍ നിഷാദ് പുനലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗുഗിള്‍ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്. ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരില്‍ നിന്നും തട്ടിയെടുത്തതെന്നാണ് ഉയരുന്ന പരാതി. എറണാകുളത്ത് ഇവര്‍ക്കുണ്ടായിരുന്ന ടാലെന്റ് വിസ എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് കേരളത്തിന് അകത്തും പുറത്തും ഓഫീസുണ്ടന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണവും നല്‍കിയിരുന്നു. എസ്‌ഐമാരായ കൃഷ്ണകുമാര്‍, പ്രമോദ്, എഎസ്‌ഐ മറിയക്കുട്ടി, സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ചിഞ്ചുവിനെ അറസ്റ്റ് ചെയ്തത്. ചിഞ്ചു മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: